കട്ടപ്പന ആനകുത്തിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
കട്ടപ്പന ആനകുത്തിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

ഇടുക്കി: കട്ടപ്പന ആനകുത്തിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. തേക്കടിയില്‍ നിന്നെത്തിയ ആര്‍ആര്‍ടി സംഘമാണ് പന്നിയെ വെടിവച്ചത്. ശനിയാഴ്ച രാവിലെയാണ് കണ്ണക്കത്തടത്തില്‍ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റില്‍ കൂറ്റന്‍ കാട്ടുപന്നി വീണത്. ഏലത്തോട്ടത്തില്‍ ജോലിക്ക് പോയ തൊഴിലാളികളാണ് വിവരം ഉടമയെ അറിയിച്ചത്. തുടര്‍ന്ന് ഈ വിവരം വനം വകുപ്പിനെ അറിയിച്ചു. പുളിയന്മല സെക്ഷനില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പന്നിയെ വെടിവച്ച് കൊല്ലാമെന്ന് നാട്ടുകാരെ അറിയിക്കുകയും കട്ടപ്പന നഗരസഭ അധ്യക്ഷയുടെ അനുമതിയോടെ കുമളിയില്‍ നിന്നെത്തിയ ആര്‍.ആര്‍ടി.സംഘം പന്നിയെ വെടിവക്കുകയുമായിരുന്നു. ലൈസന്‍സുള്ള തോക്കുകള്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പിടിച്ചെടുത്തത്തിനാലാണ് പന്നിയെ വെടിവക്കാന്‍ പ്രത്യേക സംഘം എത്തിയത്. പന്നിയുടെ ജഡം കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ഫിനോയില്‍ ഒഴിച്ച് നശിപ്പിച്ച ശേഷം മറവ് ചെയ്തു. കിണറ്റില്‍ വീണ കാട്ടുപന്നിക്ക് എഴുപത് കിലോയോളം തൂക്കമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. മേഖലയില്‍ സ്ഥിരമായി കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുമളി ഡെപ്യൂട്ടി.റേഞ്ച് ഓഫീസര്‍ ജോജി എം ജേക്കബ്, ഉദ്യോഗസ്ഥരായ കിഷോര്‍ കെഎസ്, ജെ വിജയകുമാര്‍, എസ് ബിജു,റ്റികെ സജി,ഇ ഷൈജുമോന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പന്നിയെ വെടിവച്ചത്.
What's Your Reaction?






