കാമാക്ഷി പഞ്ചായത്ത് 'തണല്‍' കൗണ്‍സിലിങ് ക്ലിനിക്ക് തുറന്നു
കാമാക്ഷി പഞ്ചായത്ത് 'തണല്‍' കൗണ്‍സിലിങ് ക്ലിനിക്ക് തുറന്നു

ഇടുക്കി: ഗാര്‍ഹിക പീഡനങ്ങള്‍ തടയാനും ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് കാമാക്ഷി പഞ്ചായത്ത് തണല്‍ എന്ന പേരില്‍ കൗണ്‍സിലിങ് ക്ലിനിക്ക് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കാന്‍ ആരംഭിച്ച ക്ലിനിക്കിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവടങ്ങളില്‍ ബോധവല്‍ക്കരണം നടത്തും. കുട്ടികള്‍ക്കുപുറമേ കൗമാരക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, വനിതാശിശു വികസന വകുപ്പ്, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ എന്‍സിസി യൂണിറ്റുകള്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്. കൂടാതെ, ഐസിഡിഎസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിനായി ഐസിഡിഎസ് പഞ്ചായത്തുതല ഓഫീസും ഇതോടൊപ്പം തുറന്നു. ജാഗ്രതാസമിതി ഓഫീസ്, ഐസിഡിഎസ് ഓഫീസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയും പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജോസ് തൈചേരിയില്‍, ജിആര്‍സി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, തങ്കമണി സഹകരണ ബാങ്ക് ബോര്‍ഡംഗം കെ എസ് മോഹനന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ തുടങ്ങിയവര്‍ സംസാരിച്ചു. ജിആര്‍സി കൗണ്‍സിലര്‍ മഞ്ജു സജി ജാഗ്രതാസമിതി അംഗങ്ങള്‍ക്കായി ക്ലാസെടുത്തു.
What's Your Reaction?






