കരയോഗം തെരഞ്ഞെടുപ്പ്: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന് അനുകൂല വിധി
കരയോഗം തെരഞ്ഞെടുപ്പ്: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന് അനുകൂല വിധി

ഇടുക്കി: എന്‍എസ്എസ് നേതൃത്വത്തിനെതിരെ കട്ടപ്പന സബ് കോടതിയില്‍ നിലനിന്ന 2 കേസുകളില്‍ ഹൈറേഞ്ച് എന്‍എസ്എസ് യൂണിയനും 21 കരയോഗങ്ങള്‍ക്കും അനുകൂല വിധി. യൂണിയന്‍ പിരിച്ചുവിട്ട് ഭരണം ഏറ്റെടുക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഭരണസമിതി കോടതിയെ സമീപിച്ചിരുന്നു. ഈകേസില്‍ കക്ഷിചേര്‍ന്നുവെന്ന കാരണത്താല്‍ യൂണിയനിലെ 21 കരയോഗങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നേതൃത്വം ഇടപെട്ട് തടഞ്ഞു. ഇതിനെതിരെ 21 കരയോഗങ്ങള്‍ചേര്‍ന്ന് കോടതിയെ സമീപിച്ചു. ഈ രണ്ട് കേസുകളിലാണ് ഹൈറേഞ്ച് യൂണിയനും കരയോഗങ്ങള്‍ക്കും അനുകൂലമായി വിധിയുണ്ടായിരിക്കുന്നത്.
കരയോഗങ്ങളുടെ തെരഞ്ഞെടുപ്പ് യഥാസമയം നടത്താത്തത് എന്‍എസ്എസ് രജിസ്ട്രാറുടെയും യൂണിയന്‍ സെക്രട്ടറിയുടെയും വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. 6 മാസങ്ങള്‍ക്കകം തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും കോടതി ഉത്തരവിട്ടു. ഇതുണ്ടായില്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുമെന്നും വിധിയില്‍ പറയുന്നു.
കട്ടപ്പന കോടതിയുടേത് ചരിത്രപ്രാധാന്യമുള്ള വിധിയാണെന്നാണ് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പറഞ്ഞു. അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീപത്മനാഭപുരം ധര്‍മപാഠശാലയില്‍ കരയോഗ ഭാരവാഹികളുടെ യോഗംചേര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, സെക്രട്ടറി രവീന്ദ്രന്‍ എ ജെ, കെ വി വിശ്വനാഥന്‍, രതീഷ് പ്രസന്നന്‍, ടി കെ അനില്‍കുമാര്‍, ഉഷാ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






