കാഞ്ഞിരപ്പള്ളി രൂപതാ ഉത്ഥാനോത്സവം മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി രൂപതാ ഉത്ഥാനോത്സവം മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: യേശുവിന്റെ കൂടെയായിരിക്കുക, സഭയോടൊപ്പം നില്‍ക്കുക എന്നത് ജീവിത ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ ഉത്ഥാനോത്സവം സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്ന വ്യക്തിത്വങ്ങളായി മാറാനും ദൈവത്തിന്റെ ദാനമായ ഈ ജീവിതം സന്തോഷത്തോടെ ജീവിക്കുവാനും ഉത്ഥാനോത്സവത്തിന്റെ ദിനങ്ങള്‍ ശക്തിപകരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഈശോയുടെ ജനനം ജീവിതം മരണം ഉത്ഥാനം എന്നീ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിളംബരജാഥ നടത്തി. കത്തീഡ്രല്‍ വികാരിയും ആര്‍ച്ച് പ്രീസ്റ്റുമായ റവ.ഡോ.കുര്യന്‍ താമരശേരി, വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ. തോമസ് വാളന്മനാല്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. തോമസ് മുളങ്ങാശേരില്‍, ഫാ.ജേക്കബ് ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
ഉത്ഥാനോത്സവം 4ന് സമാപിക്കും. സമാപന ദിവസം രൂപതയിലെ കാല്‍ ലക്ഷത്തിലേറെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സന്യസ്ഥരും വൈദീകരും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലുകയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും മഹാ റാലിയും സംഘടിപ്പിക്കുകയും ചെയ്യും. തങ്ങള്‍ ലഹരി ഉപയോഗിക്കില്ലന്നും, ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരെ നിരുത്സാഹപ്പെടുത്തുമെന്നും ആ വിവരം അധികൃതരെ അറിയിച്ച് തങ്ങളുടെ വിദ്യാലയവും പരിസര പ്രദേശവും ലഹരി വിമുക്തമാക്കാന്‍ പരിശ്രമിക്കുമെന്നും കുട്ടികള്‍ പ്രതിജ്ഞ എടുക്കും. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം മാര്‍ ജോസ് പുളിക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് നിര്‍വഹിക്കും. രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. തോമസ് വാളന്മനാല്‍ ലഹരി വിരുദ്ധ മഹാ റാലി ഫളാഗ് ഓഫ് ചെയ്യും. രൂപതയിലെ വിവിധ ഇടവകളിലെ വൈദികര്‍ അതാത് ഇടവകളിലെ ലഹരി വിരുദ്ധ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
What's Your Reaction?






