മനംനിറച്ച് കുന്തളംപാറ ദേവീക്ഷേത്രത്തില്‍ പടയണി അരങ്ങേറി
മനംനിറച്ച് കുന്തളംപാറ ദേവീക്ഷേത്രത്തില്‍ പടയണി അരങ്ങേറി

ഇടുക്കി: കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ മീനപ്പൂര ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ പടയണി അരങ്ങേറി. പടയണി കോലങ്ങള്‍ എരിയുന്ന ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ തുള്ളിയുറഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം. കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്‍മാര്‍ ഭൈരവിക്കോലം, ഗണപതിക്കോലം, കാലന്‍കോലം, മറുതക്കോലം എന്നിവ കെട്ടി തുള്ളി. കവുങ്ങിന്‍പാളകളില്‍ നിര്‍മിച്ച കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ താളത്തില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിലായിരുന്നു അവതരണം. നൂറുകണക്കിനാളുകള്‍ പടയണി കാണാന്‍ ക്ഷേത്രത്തിലെത്തി.
ഇടുക്കി ജില്ലയില്‍ ദേവീപ്രീതിക്കായി പടയണി നടത്തുന്ന ഏക ക്ഷേത്രമാണ് കുന്തളംപാറ ദേവീ ക്ഷേത്രം. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായി ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുവരുന്ന അനുഷ്ഠാനകലയാണ് പടയണി. ഒരുഗ്രാമത്തിലെയോ ദേശത്തെയോ മുഴുവന്‍ ജനങ്ങളെയും വസൂരിയില്‍ നിന്നും മാറരോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനായാണ് പടയണി നടത്തിവരുന്നത്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരുടെയും പങ്കാളിത്തം പടയണിയില്‍ കാണാനാകും. കവുങ്ങിന്‍പാളകളില്‍ നിര്‍മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍ക്കിടയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് അവതരണരീതി.
വസൂരിപോലെയുള്ള സാംക്രമിക രോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലബ്ധിക്ക് ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയാശങ്കമൂലമുണ്ടാകുന്ന രോഗങ്ങളുടെ ശമിക്കാനായി മാടന്‍കോലവും കെട്ടുന്നു. അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതാണ് പടയണിയുടെ ഐതിഹ്യം. പടയണിക്കോലങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ വസ്തുക്കളാണ്. കമുകിന്‍ പാളയും പച്ച ഈര്‍ക്കിലും പ്ലാവിലയും കമുകിന്‍ വാരികളും കുരുത്തോലകളും വാഴനാരും ഉപയോഗിച്ചുവരുന്നു. ചായങ്ങള്‍ ചെങ്കല്ല് അരച്ചെടുക്കുന്ന ചുവപ്പും പച്ചമാവില വെയിലത്തു വാട്ടി വെണ്ണപ്പരുവത്തില്‍ അരച്ചെടുക്കുന്ന കറുപ്പും മഞ്ഞള്‍ അരച്ചെടുക്കുന്ന മഞ്ഞയും പച്ചയും വെള്ളയും കോലങ്ങള്‍ക്ക് പഞ്ചവര്‍ണം നല്‍കുന്നു. പച്ചപ്പാളയുടെ പുറംതൊലി കനംകുറച്ച് ചീകി എടുക്കുന്നതാണ് വെള്ളനിറം. പച്ചനിറം വേണ്ടിടത്ത് പാളയുടെ പുറന്തൊലി ചീകിക്കളയാതെ തന്നെ ഉപയോഗിക്കുന്നു. പഞ്ചവര്‍ണങ്ങളെ പഞ്ചഭൂതങ്ങളുടെ(ആകാശം, ഭൂമി, ജലം, വായു, അഗ്നി) പ്രതീകമായാണ് കണക്കാക്കുന്നത്. കോലങ്ങള്‍ ഉണ്ടാക്കുന്നതും വ്രതശുദ്ധിയോടെയാണ്. ചടങ്ങുകള്‍ക്ക്
തന്ത്രി കെ പരമേശ്വര ശര്‍മ കല്ലാരവേലിഇല്ലം, കാര്യദര്‍ശി പി എസ് ഷാജി പെരുംപള്ളില്‍, ക്ഷേത്രം പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ എം എം രാജന്‍, ജനറല്‍ കണ്‍വീനര്‍ ടി ജി അജീഷ്, അജി മംഗലത്ത്, ഷിജു പത്തിരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






