അഞ്ചുരുളിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല: സഞ്ചാരികള്‍ക്ക് യാത്രാദുരിതം
അഞ്ചുരുളിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല: സഞ്ചാരികള്‍ക്ക് യാത്രാദുരിതം

ഇടുക്കി: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താനോ പുനര്‍നിര്‍മിക്കാനോ നടപടിയില്ല. റോഡ് നിര്‍മാണത്തിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ 40 ലക്ഷം രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായി. നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സമരത്തിനൊരുങ്ങുകയാണ്.
ഹൈറേഞ്ചിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അഞ്ചുരുളി. പ്രതിദിനം നൂറുകണക്കിനാളുകള്‍ ഇവിടെ എത്തുന്നു. അവധിക്കാലമായതോടെ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ സ്വീകരിക്കുന്നത് സഞ്ചാരയോഗ്യമല്ലാത്ത പാതയാണ്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ വാഹനഗതാഗതം ദുഷ്‌കരമായി. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.
സഞ്ചാരികള്‍ക്ക് പുറമേ പ്രദേശവാസികളും യാത്രക്ലേശത്തിലാണ്. ആദിവാസിക്കുടിയിലേക്കുള്ള റോഡും സഞ്ചാരയോഗ്യമല്ല. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കുഴികളില്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. അധികൃതരുടെ അവഗണനക്കെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി കാഞ്ചിയാര്‍ മേഖലാ കമ്മിറ്റി അറിയിച്ചു.
What's Your Reaction?






