വനംവകുപ്പിന്റെ തടസങ്ങള്‍ നീങ്ങുന്നു: വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യത്തിലേക്ക്
വനംവകുപ്പിന്റെ തടസങ്ങള്‍ നീങ്ങുന്നു: വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യത്തിലേക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തന സജ്ജമാകുന്നു. വനംവകുപ്പ് മുന്നോട്ടുവച്ച തടസങ്ങള്‍ പരിഹരിക്കാന്‍ നടപടിയായതായി വാഴൂര്‍ സോമന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയും എന്‍സിസി ഡയറക്ടര്‍ ജനറല്‍ രമേഷ് ഷണ്‍മുഖവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി 2017 ലാണ് 12 ഏക്കര്‍ സ്ഥലത്ത് 12 കോടി മുതല്‍ മുടക്കില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് തൊണ്ണൂറ് ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കി. മണ്ണിടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാന്‍ 6.3 കോടി രൂപയും അനുവദിച്ചിരുന്നു. എയര്‍ സ്ട്രിപ്പിലേക്കുള്ള 400 മീറ്റര്‍ പാതയില്‍ വനംവകുപ്പ് അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കമായത്. മന്ത്രിതല ചര്‍ച്ചയിലാണ് വനംവകുപ്പിന്റെ തടസങ്ങള്‍ പരിഹരിച്ച് പദ്ധതി യഥാര്‍ഥ്യമാക്കാന്‍ തീരുമാനമായത്. എയര്‍ സ്ട്രിപ്പില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ മണ്ണ് പരിശോധന നടത്തി പുനര്‍നിര്‍മാണത്തിന് ആവശ്യമായ നടപടി പുരോഗമിക്കുന്നു. മുഖ്യമന്ത്രി വിഷയതത്തില്‍ നേരിട്ട് ഇടപെട്ടതായും എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനസജ്ജമാക്കുമെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.
എന്‍സിസിയുടെ പ്രധാന എയര്‍ സ്ട്രിപ്പായി സത്രം മാറുമെന്നും ചെറുവിമാനങ്ങള്‍ പറത്താനുള്ള പരിശീലനത്തിനുപുറമേ ഡ്രോണ്‍ ട്രെയിനിങ്, ഡ്രോണ്‍ ലൈസന്‍സിംഗ് തുടങ്ങിയ പദ്ധതികളും ആലോചനയിലുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തില്‍ പിഡബ്ല്യുഡി ബില്‍ഡിങ് വര്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശോഭ ജോണ്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗീതു പി ചന്ദ്രന്‍ എന്നിവരും എന്‍സിസി ഉദ്യോഗസ്ഥരും പങ്കെടുത്തു.
What's Your Reaction?






