കാലവർഷം: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ: വകുപ്പുകളുടെ ഏകോപനം വിലയിരുത്തി
കാലവർഷം: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ: വകുപ്പുകളുടെ ഏകോപനം വിലയിരുത്തി

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം വിലയിരുത്തി. കലക്ടര്‍ വി. വിഘ്‌നേശ്വരി, എഡിഎം ഷൈജു പി ജേക്കബ്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീരൊഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബി, ഇറിഗേഷന്‍ വകുപ്പ്, ഡാം സേഫ്റ്റി അതോറിറ്റി തുടങ്ങിയവര്‍ അടിയന്തര മുന്‍കരുതല്‍ സ്വീകരിക്കണം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ താലൂക്ക് തലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ഇവയുടെ ഏകോപനത്തിനായി കലക്ടറേറ്റില്‍ കോ-ഓര്‍ഡിനേഷന്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ നമ്പറുകള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ സഹകരിക്കണം. മരം വീണോ , മണ്ണിടിഞ്ഞോ ഗതാഗതം തടസപ്പെടുകയോ മറ്റോ ഉണ്ടായാല്‍ പഞ്ചായത്ത് തലത്തില്‍ തന്നെ ടിപ്പറും എസ്‌കലേറ്ററും മറ്റ് സംവിധാനങ്ങളും ഒരുക്കി ജനജീവിതം സാധാരണ ഗതിയിലാക്കണം. ഇതിന് ആവശ്യമായ ചെലവ് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. ഈ മഴക്കാലത്ത് ഗ്രാമീണ റോഡുകള്‍ യഥാസമയം ഗതാഗത യോഗ്യമാക്കാന്‍ 8 ബ്ലോക്കുകളിലായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അപകട ഭീഷണിയുള്ള എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെടുന്ന സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിടേണ്ട ചുമതല പൊലീസ് നിര്‍വഹിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് താലൂക്കുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. ഇവരുടെ ഏകോപനം സബ് കലക്ടര്‍മാര്‍ക്കാണ്. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടുന്നതിനായി മുപ്പത് പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണസേന എല്ലാ സന്നാഹങ്ങളോടെ ജില്ലയിലെത്തിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേവികുളം താലൂക്കില്‍ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പാരിഷ് ഹാളിലാണ് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പ് തുറന്നിരിക്കുന്നത്. നാലു കുടുംബങ്ങളില്‍ നിന്നായി 17 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. 4 പുരുഷന്മാര്‍, 10 സ്ത്രീകള്‍, 3 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഭാഗികമായി 12 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി അഞ്ചുതാലൂക്കുകളിലായി 258 സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.
12 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി അഞ്ചുതാലൂക്കുകളിലായി 258 സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളെ മാറ്റി താമസിപ്പിക്കേണ്ട അവസ്ഥയുണ്ടായാല്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബോധവല്‍ക്കരണം നടത്തണം. കൃത്യമായി അലര്‍ട്ടുകള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലത്തെ കണക്ക് അനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 114 അടിയാണ്. ഇടുക്കി ഡാമില്‍ 30%. കഴിഞ്ഞ വര്‍ഷം ഇതേ സമയം 32% ആയിരുന്നു ഇടുക്കി ഡാമിലെ ജലനിരപ്പ്. മറ്റ് ഡാമുകളുടെ സ്ഥിതിവിവരങ്ങള്‍ പരിശോധിക്കുമ്പോഴും വലിയ വ്യത്യാസങ്ങള്‍ ഇല്ലായെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള മുന്നൊരുക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ അകപ്പെട്ടുപോകുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കണം. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം നിരത്തുകളില്‍ തടസങ്ങള്‍ യഥാസമയം മാറ്റുന്നുണ്ടെന്ന് അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പക്ഷെ ഇതിനായി വിവിധ ടീമുകളെ സജ്ജമാക്കിയിട്ടും തുടര്‍ച്ചയായി മരത്തിന്റെ ശിഖരങ്ങള്‍ വീഴുന്നതുകാരണം ചിലയിടങ്ങളില്‍ ജോലി തടസപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി എന്‍ജിനീയര്‍ അറിയിച്ചു.
What's Your Reaction?






