ഇടുക്കി: മൂഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വധു പിന്‍മാറിയതോടെ വിവാഹം മുടങ്ങി. സദ്യ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് വിവാഹത്തിന് താല്‍പര്യമില്ലെന്നുപറഞ്ഞ് വധു പിന്‍മാറിയത്. മറയൂര്‍ മേലാടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. മേലടി സ്വദേശിയായ യുവാവിനും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനിയായ യുവതിക്കുമാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിരുപ്പൂരില്‍നിന്ന് യുവതിയും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ മേലാടിയില്‍ തലേദിവസം എത്തിയിരുന്നു. വിവാഹം നടക്കുന്ന ക്ഷേത്രത്തിനുസമീപമാണ് ഇവര്‍ താമസിച്ചത്. ഇവിടുത്തെ ക്ഷേത്രത്തില്‍ വിവാഹവും തൊട്ടടുത്തുള്ള പഞ്ചായത്ത് ഹാളില്‍ വിരുന്ന് സല്‍ക്കാരവും ക്രമീകരിച്ചു.
രാവിലെ മുഹൂര്‍ത്തസമയത്തിന് ഏതാനും മിനിറ്റുകള്‍ ശേഷിക്കേ വിവാഹം വേണ്ടെന്ന് യുവതി പറയുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. വിവാഹത്തിന് താല്‍പര്യമില്ലെന്നും അടിയന്തരമായി പൊലീസ് ഇടപെടണമെന്നും ആവശ്യപ്പെട്ടു. വിവരം ഉടന്‍ അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസ് സ്ഥലത്തെത്തി വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് യുവതിയെയും ബന്ധുക്കളെയും സ്റ്റേഷനില്‍ എത്തിച്ചു. തൊട്ടുപിന്നാലെ വരനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി യുവതിയുമായി സംസാരിച്ചെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ വിവാഹം വേണ്ടെന്നുതീരുമാനിച്ച് ഇരുവീട്ടുകാരും പിരിഞ്ഞുപോയി. വിവാഹ സദ്യ ഉള്‍പ്പെടെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.