വീണ്ടും കോവിഡ്: ജാഗ്രത അത്യാവശ്യം
വീണ്ടും കോവിഡ്: ജാഗ്രത അത്യാവശ്യം

ഇടുക്കി: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. നിലവിലെ കണക്കനുസരിച്ച് കേരളത്തില്‍ മാത്രം 96 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജലദോഷം, പനി, ശരീരമാസകലം വേദന, തലവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുഖാവരണം ഉപയോഗിക്കുക, ജനക്കൂട്ടങ്ങളില്‍നിന്ന് അകലം പാലിക്കുക, ഇടവിട്ട് കൈകഴുകുക തുടങ്ങിയവ ചെയ്യണം. മറ്റ് രോഗങ്ങളുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനവും ഒഴിവാക്കണം. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതര്‍ ഏറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞയാഴ്ച കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിനുപുറമേ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ആഗോള തലത്തിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിലുണ്ടായ ഒമിക്രോണിന്റെ വകഭേദമായ ജെഎന്‍ 1 ആണിപ്പോള്‍ പടര്‍ന്നുപിടിക്കുന്നതെന്നാണ് കരുതുന്നത്. അത്ര പേടിക്കേണ്ടതില്ലെങ്കിലും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത്. അഞ്ചുദിവസത്തിനുള്ളില്‍ ഭേദമാകുന്ന വകഭേദമാണിത്. ഇതിനായി അടിസ്ഥാന രോഗ പ്രതിരോധ കാര്യങ്ങള്‍ വീണ്ടും തുടരണം. ആരോഗ്യ വകുപ്പിന്റെ ദൈനംദിന നിര്‍ദേശങ്ങള്‍ പാലിക്കണം. രോഗലക്ഷണം കണ്ടാലുടന്‍ വൈദ്യസഹായം തേടണം.
What's Your Reaction?






