കട്ടപ്പനയില്‍ അനധികൃത കെട്ടിട നിര്‍മാണം: അന്വേഷണം വേണമെന്ന് കൗണ്‍സില്‍ യോഗം
കട്ടപ്പനയില്‍ അനധികൃത കെട്ടിട നിര്‍മാണം: അന്വേഷണം വേണമെന്ന് കൗണ്‍സില്‍ യോഗം

ഇടുക്കി: കട്ടപ്പന നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മാണം തകൃതി. കെട്ടിടങ്ങള്‍ക്ക് അനധികൃതമായി പെര്‍മിറ്റും ലൈസന്‍സും നല്‍കുന്നതിനെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്തത്തി. പുതിയ കെട്ടിട നിര്‍മാണങ്ങളും നിലവിലെ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണങ്ങളും നടക്കുന്നുണ്ട്. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പലയിടങ്ങളിലും അനുമതി ഇല്ല. സംഭവത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ കൗണ്‍സില്‍ യോഗത്തില്‍ അടക്കം വിഷയത്തില്‍ ചര്‍ച്ചകളും ആരോപണങ്ങളും ഉയര്‍ന്നു. സംഭവത്തില്‍ കൃത്യമായി മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. പല കെട്ടിടങ്ങള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കേയാണ് കെട്ടിടങ്ങള്‍ പണിപൂര്‍ത്തീകരിച്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നിലവിലെ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തിയും നിലകളുടെ എണ്ണം കൂട്ടിയാും നിര്‍മാണം നടക്കുന്നുണ്ട്. ഏതാനും ബഹുനില കെട്ടിടങ്ങളുടെ അടിനില പാര്‍ക്കിങ് എന്നാണ് പെര്‍മിറ്റില്‍ ഉള്ളത്. എന്നാല്‍ ഇവിടെയെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം മണ്ണിടിച്ചല്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലും മുമ്പ് മഴക്കെടുതി മൂലം കെട്ടിടങ്ങള്‍ ഇടിഞ്ഞ് താഴ്ന്ന സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് നല്‍കുന്ന പെര്‍മിറ്റ് അടക്കം ഉപയോഗിച്ചാണ് പലരും ബഹുനില കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിക്കുന്നത്. ഇവിടെയൊക്കെ അനുമതി നല്‍കിയത് ആരെന്നുള്ള കാര്യത്തില്‍ പരിശോധനകള്‍ നടത്തണം. അതോടൊപ്പം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത് സംബന്ധിച്ച് , ഇത്തരക്കാര്‍ക്ക് ആര് ഒത്താശ ചെയ്തു നല്‍കുന്നു എന്നതിലും ഉടനടി അന്വേഷണം വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






