ഇടുക്കി: അടിമാലി വാളറ കുളമാന്‍കുഴി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ 50ലേറെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടാന നാശം വിതച്ചു. ഏലം, മലയിഞ്ചി, കൊക്കോ തുടങ്ങിയ കാര്‍ഷികവിളകള്‍ വലിയ തോതില്‍ നശിപ്പിച്ചു. തുരത്തിയോടിക്കാന്‍ ശ്രമിച്ചാലും കാട്ടാനകള്‍ ജനവാസ മേഖലയില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറാകാത്ത സ്ഥിതിയാണ്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആനയെ തുരത്താന്‍ പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ നിയോഗിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച്ച തുടര്‍നടപടികളില്‍ തീരുമാനം കൈകൊള്ളാന്‍ മൂന്നാര്‍ ഡിഎഫ്ഒയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. ശരിയായ രീതിയില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചാല്‍ കാട്ടാനശല്യം ഒരു പരിധിവരെ പരിഹാരിക്കാമെന്നാണ് പ്രദേശവാസികളുടെ വാദം. കാട്ടാന ശല്യം രൂക്ഷമായതോടെ പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കര്‍ഷകര്‍ ഭയക്കുന്നു. മഴ പെയ്യുന്നതോടെ അടിക്കടി ഈ പ്രദേശത്ത് വൈദ്യുതിയും മൊബൈല്‍നെറ്റ് വര്‍ക്കും മുടങ്ങുന്ന സ്ഥിതിയുമുണ്ട്. കൂടുതല്‍ ഇടങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍പ്രതിഷേധവുമായി എത്തിയത്. ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.