കാലവര്‍ഷം: ജലസമൃദ്ധമായി ജില്ലയിലെ അണക്കെട്ടുകള്‍
കാലവര്‍ഷം: ജലസമൃദ്ധമായി ജില്ലയിലെ അണക്കെട്ടുകള്‍

ഇടുക്കി: കാലവര്‍ഷം നേരത്തെ എത്തിയതോടെ ഇടുക്കിയിലെ അണകെട്ടുകളും ജലസമൃദ്ധമായി. ഇടുക്കിയും മുല്ലപ്പെരിയാറും ഉള്‍പ്പടെയുള്ള പ്രധാന അണകെട്ടുകളിലും ചെറുകിട അണകെട്ടുകളിലും മുന്‍ വര്‍ഷത്തില്‍ ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ വെള്ളമുണ്ട്. അതിതീവ്രമഴ മാറി മാനം തെളിഞ്ഞെങ്കിലും ഇപ്പോഴും ജലസംഭരണികളിലേയ്ക്ക് നീരൊഴുക്ക് ശക്തമായി തുടരുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2344.80 അടിയാണ്. മെയ് 24ന് കാലവര്‍ഷം എത്തിയപ്പോള്‍ 2329.88 അടിയായിരുന്നു ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 30 ശതമാനം മാത്രം. മുന്‍ വര്‍ഷത്തേക്കാള്‍ അണകെട്ടില്‍ മൂന്നര അടി വെള്ളം കുറവുമായിരുന്നു. എന്നാല്‍ വേനല്‍ മഴയ്ക്ക് പിന്നാലെ കാലവര്‍ഷവും എത്തിയതോടെ ജലനിരപ്പ് വേഗത്തില്‍ വര്‍ധിച്ചു. ഒരാഴ്ചയോളം പെയ്ത കനത്ത മഴയില്‍ 15 അടിയോളം വെള്ളമാണ് ഇടുക്കിയില്‍ ഉയര്‍ന്നത്. നിലവില്‍ സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 11 അടിയിലധികം കൂടുതല്‍. കാലവര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ജലസമൃദ്ധമായ കല്ലാര്‍കുട്ടി, പൊന്‍മുടി, ലോവര്‍ പെരിയാര്‍, മലങ്കര അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യവും ഉണ്ടായി. ഇടുക്കിയുടെ ഡൈവേര്‍ഷന്‍ ഡാമുകളായ ഇരട്ടയാറിലും കല്ലാറിലും വരെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് ഉയര്‍ന്നിരുന്നു. മെയ് മാസത്തില്‍ മൂലമറ്റം പവര്‍ഹൗസിലെ പ്രതിദിന ഉത്പാദനം 10.32 ദശലക്ഷം യൂണിറ്റായി കൂട്ടിയിരുന്നു. ചെറുകിട അണകെട്ടുകളിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തു നില്‍ക്കുന്നതിനാല്‍ അവിടങ്ങളിലെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ച് മൂലമറ്റത്തെ ഉല്‍പാദനം നിലവില്‍ ഏഴ് ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. കാലവര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ ജില്ലയില്‍ 505 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ പെയ്യാറുള്ളത് 37 മില്ലിമീറ്റര്‍ മാത്രം. അതായത് സാധരണയേക്കാള്‍ 1351 ശതമാനം കൂടുതല്‍ മഴ ഈ ദിവസങ്ങളില്‍ ലഭിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പും ഒരാഴ്ച കൊണ്ട് 19 അടിയോളം ഉയര്‍ന്ന് 130 അടിയ്ക്ക് മുകളില്‍ എത്തി. മുല്ലപ്പെരിയാറില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോകാനും ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?






