ഇടുക്കി: കട്ടപ്പന ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഡിസ്‌പെന്‍സറിയിലെ ഡോക്ടറിന്റെയും ജീവനക്കാരുടെയും ആശാ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമമാണ് ദേശീയ അംഗീകാരത്തിലേക്ക് ഡിസ്‌പെന്‍സറിയെ നയിച്ചത്. നിലവില്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഡോ. സന്ദീപ് കരുണ്‍ ആശുപത്രിയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പേയാണ് അംഗീകാരം ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെട്ടതോടെ ദിവസേന നൂറോളം രോഗികള്‍ ഒ.പി. വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയം, സുരക്ഷാ മാനദണ്ഡങ്ങള്‍, അവശ്യമരുന്നുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാന ലാബ് പരിശോധനകളുടെയും ലഭ്യത, ആതുരസേവകരുടെ ലഭ്യത, രോഗീപരിചരണത്തിന്റെ ഗുണനിലവാരം, മരുന്നുകളുടെ ഗുണനിലവാരമുള്ള സംഭരണവും വിതരണവും, അണുബാധ നിയന്ത്രണം തുടങ്ങി കാര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് അംഗീകാരം ലഭിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും രോഗികളുടെ അവകാശങ്ങളെ കുറിച്ചും സ്ഥാപനത്തിലെത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചും പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം കൂടി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നല്‍കുന്നത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്ദീപ് കരുണ്‍ എന്നിവര്‍ പങ്കെടുത്തു.