ഇടുക്കി: സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ 'അറിവ് പകരാന്‍ ആശ്രയമാകാം' പദ്ധതിക്ക് തുടക്കമായി. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 10 വര്‍ഷമായി ഹൈറേഞ്ച് മേഖലയിലെ സ്‌കൂളുകളില്‍ നടത്തിവരുന്ന പദ്ധതിയാണിത്. ഇത്തവണ 35 സ്‌കൂളുകളില്‍ പഠനസഹായം എത്തിക്കും. ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ അധ്യാപകരാണ് കണ്ടെത്തുന്നത്. ഇതോടൊപ്പം കോവില്‍മല ബാലവാടി അങ്കണവാടിയിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ എല്‍ സുരേഷ് കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ഷിനു മാനുവല്‍, കെ രാജന്‍, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍, ജെയ്ബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.