വിജയം 97 ശതമാനം കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് ഫിറ്റ്‌നസ് ഇല്ല
വിജയം 97 ശതമാനം: കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് ഫിറ്റ്‌നസില്ല

ഇടുക്കി: ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും മികച്ച നേട്ടം നേടിയ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അധ്യായന വര്‍ഷം ആരംഭിച്ച് 3 ദിവസം കഴിഞ്ഞിട്ടും ഫിറ്റ്നെസ് ഇല്ല. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് വര്‍ഷങ്ങളായി തുടരുന്ന മണ്ണിടിച്ചിലും കഴിഞ്ഞവര്‍ഷം ഇടിഞ്ഞുവീണ ഭീമന്‍ കല്ല് മാറ്റാത്തതുമാണ് ഫിറ്റ്‌നസ് ലഭിക്കാത്തതിന്റെ കാരണം. കഴിഞ്ഞ അധ്യയന വര്‍ഷം 97% ആയിരുന്നു സ്‌കൂളിലെ വിജയം. വിദ്യാലയം. പുതിയ കെട്ടിടം നിര്‍മിച്ച് 2017 ലാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാല്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് 2018 മുതല്‍ ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായി . തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തില്‍ ഭീമന്‍ കല്ലും മണ്ണും കെട്ടിടത്തിലേക്ക് പതിച്ചു. ക്ലാസ് മുറികളുടെ ജനാലകള്‍ തകര്‍ന്ന് ചെളിയും മണ്ണും മുറികള്‍ക്കുള്ളില്‍ നിറഞ്ഞു. അന്ന് ഇടിഞ്ഞുവീണ മണ്ണും കല്ലും ഇതുവരെയും മാറ്റാനും നടപടി ഉണ്ടായില്ല. ഇതോടെ ഇക്കൊല്ലം സ്‌കൂളിന് ഫിറ്റ്‌നസും ലഭിച്ചില്ല. സ്‌കൂള്‍ അധികൃതര്‍ നിരവധി തവണ നഗരസഭയെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. പലപ്പോഴും ഫണ്ട് അനുവദിച്ചുവെന്ന വാഗ്ദാനം മാത്രമാണ് ലഭിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പനയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനത്തെ തകര്‍ക്കുന്നതിന് കട്ടപ്പന നഗരസഭ നടത്തുന്ന ഗൂഢനീക്കം ആണ് മണ്ണുമാറ്റാന്‍ വൈകുന്നതിനുള്ള കാരണമെന്നാണ് ആരോപണം. മണ്ണ് മാറ്റി ഇവിടെ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുവെന്ന തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ എടുത്ത് നാളുകള്‍ പിന്നിട്ടിട്ടും നടപടിയും ഉണ്ടായില്ല. വിഷയത്തില്‍ പരാതിയുമായി നഗരസഭയെ സമീപിച്ച സ്‌കൂള്‍ അധികൃതരോട് ധിക്കാരപരമായ നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്നും കൗണ്‍സിലര്‍ ഷാജി കൂത്തോടി ആരോപിച്ചു. 253 അടി നീളത്തില്‍ രണ്ട് നിലകളിലായിട്ടാണ് സ്‌കൂളിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മണ്ണിടിഞ്ഞ് വീണതോടെ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഇവിടെ 25 അടി ഉയരത്തിലാണ് മണ്‍തിട്ട നിലകൊള്ളുന്നത്. ഇവ ഏതുനിമിഷവും വീണ്ടുമിടിഞ്ഞ് വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിനടക്കം നഗരസഭ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപവും സ്വകാര്യ സ്‌കൂളുകളെ സംരക്ഷിക്കാനുള്ള നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ലാബ് അടക്കം അഞ്ചോളം ക്ലാസ് മുറികളാണ് നിലവില്‍ അടഞ്ഞുകിടക്കുന്നത്. 18ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ എത്തുന്നതോടെ ഇവര്‍ക്ക് എവിടെ ക്ലാസെടുക്കുമെന്ന ആവലാതിയിലാണ് അധ്യാപകര്‍. അതേ സമയം മണ്ണുമാറ്റി കോണ്‍ക്രീറ്റ് വാള്‍ നിര്‍മിക്കുന്നതിനടക്കമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി., നഗരസഭയില്‍ ആ ഫണ്ടില്ലെന്നുള്ള കാരണം സര്‍ക്കാരില്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ നടപടി വൈകിയതോടെ പൊതുഫണ്ടില്‍ നിന്ന് 28 ലക്ഷത്തിലധികം രൂപ അനുവദിച്ച് ക്രമീകരണങ്ങള്‍ ചെയ്തു.
What's Your Reaction?






