ദേവികുളം താലൂക്കിലെ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘം പരിശോധന നടത്തി
ദേവികുളം താലൂക്കിലെ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘം പരിശോധന നടത്തി

ഇടുക്കി: ദേവികുളം താലൂക്കിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന പരിശോധന നടത്തി. കാലവര്‍ഷമാരംഭിച്ച സാഹചര്യത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് എന്‍ഡിആര്‍എഫ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജി ചീനാത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് ദേവികുളം തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാര്‍ വില്ലേജിലെ അന്തോണിയാര്‍ കോളനി, 26 മുറി, എം.ജി കോളനി, ലക്ഷം കോളനി, മൂന്നാര്‍ ഗ്യാപ്പ് റോഡ്, മാങ്കുളം വില്ലേജിലെ ആനക്കുളം, പെരുമ്പംകുത്ത്, ആറാം മൈല്‍, താളുംകണ്ടം, മാങ്കുളം കെ.എസ്.ഇ.ബി ജലവൈദ്യുത പദ്ധതി, ആനവിരട്ടിയിലെ ദേശീയപാത, കോട്ടപ്പാറ കോളനി എന്നീ പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി 33 അംഗ ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ മാസം ജില്ലയിലെത്തിയിരുന്നു. വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഡോര്‍മെറ്ററിയാണ് എന്‍ഡിആര്‍എഫിന്റെ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ തുടങ്ങി ഏതു പ്രതിസന്ധിയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പരിശീലനം നേടിയവരാണ് സേനാംഗങ്ങള്‍. 4 ബോട്ടുകള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ ഉപയോഗിക്കുന്ന കട്ടര്‍ മെഷീനുകള്‍, സ്‌കൂബ ഡൈവിങ് സെറ്റ്, മല കയറുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഇവരുടെ പക്കലുണ്ട്.
What's Your Reaction?






