എല്‍ഡിഎഫ് ഇരട്ടയാറില്‍ ജനകീയ പ്രതിരോധം നടത്തി 

എല്‍ഡിഎഫ് ഇരട്ടയാറില്‍ ജനകീയ പ്രതിരോധം നടത്തി 

Jun 10, 2025 - 10:23
 0
എല്‍ഡിഎഫ് ഇരട്ടയാറില്‍ ജനകീയ പ്രതിരോധം നടത്തി 
This is the title of the web page

ഇടുക്കി: മയക്കുമരുന്ന്, ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇരട്ടയാറില്‍ ജനകീയ പ്രതിരോധം തീര്‍ത്തു. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധിപേര്‍ അണിനിരന്നു. കോണ്‍ഗ്രസ് പഞ്ചായത്തംഗം ഉപ്പുകണ്ടം ആലേല്‍പ്പുരയ്ക്കല്‍ എ എസ് രതീഷും രണ്ട് ഇതര സംസ്ഥാനക്കാരും 6.89 കിലോഗ്രാം കഞ്ചാവുമായി ശനിയാഴ്ച ഇരട്ടയാറില്‍ പൊലീസ് പിടിയിലായിരുന്നു. ലഹരി മാഫിയകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും പൊലീസും എക്സൈസും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും നടത്തിവരികയാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പ്പന്നങ്ങളുമായി പിടിയിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ലഹരിയെ തുടച്ചുനീക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുമ്പോള്‍, ഇത്തരം മാഫിയകളെ വളര്‍ത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് പിടികൂടിയ കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചതാണ്. ഇയാളുടെ അറിവോടെയാണ് ഇതര സംസ്ഥാനക്കാര്‍ കഞ്ചാവ് എത്തിച്ചത്. കട കേന്ദ്രീകരിച്ച് വില്‍പ്പന നടക്കുന്നതായി പൊലീസ് വിവരം ലഭിച്ചതുമുതല്‍ പഞ്ചായത്തംഗം നിരീക്ഷണത്തിലായിരുന്നു. ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച പഞ്ചായത്താണ് ഇരട്ടയാര്‍. എന്നാല്‍, നാടിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. ഇത്തരക്കാരെ ജനങ്ങള്‍ പൂര്‍ണമായി അകറ്റിനിര്‍ത്തണമെന്നും മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പി ബി ഷാജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ, സിപിഐ ലോക്കല്‍ സെക്രട്ടറി ബെന്നി മുത്തുമാംകുഴി, നേതാക്കളായ ഫ്രെഡ്ഡി മാത്യു, ബിജു തോമസ് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി സമാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow