കട്ടപ്പന നഗരസഭയിലെ ഹരിതകര്‍മ സേനക്കെതിരെ പരാതി: 17ന് ഹിയറിങ് നടത്തും
കട്ടപ്പന നഗരസഭയിലെ ഹരിതകര്‍മ സേനക്കെതിരെ പരാതി: 17ന് ഹിയറിങ് നടത്തും

ഇടുക്കി: കട്ടപ്പന നഗരസഭയിലെ ഹരിതകര്‍മ സേനയെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ 17ന് ഹിയറിങ് നടക്കും. വീടുകളില്‍നിന്ന് യഥാസമയം മാലിന്യം ശേഖരിക്കുന്നില്ലെന്നും കൂടുതല്‍ തുക യൂസര്‍ഫീ ഈടാക്കുന്നതായും കാട്ടി ഇരുപതേക്കറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുതറ വേലിക്കകത്ത് ഷിനു ഫിലിപ്പ് പരാതി നല്‍കിയിരുന്നു. അതേസമയം ഹരിതകര്‍മ സേനയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ഷിനുവിനോടൊപ്പം നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി. 5 മാസത്തിലൊരിക്കലാണ് വീടുകളില്‍നിന്ന് മാലിന്യം നീക്കുന്നതെന്നും മുന്‍ മാസങ്ങളിലെ യൂസര്‍ഫീ ഒറ്റത്തവണയായി കൈപ്പറ്റുന്നതായും പണം നല്‍കാത്തവരെ സേനാംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. പല വീടുകളില്‍നിന്നും അഞ്ച് മാസമായി മാലിന്യം ശേഖരിച്ചിട്ടില്ല. പ്രതിമാസം 50 രൂപ നിരക്കില്‍ 600 രൂപ കൈപ്പറ്റേണ്ടതിനുപകരം ആളുകളെ തെറ്റിദ്ധരിപ്പിച്ച് കുടിശികയാണെന്ന് പറഞ്ഞ് 600 രൂപ ഒറ്റത്തവണയായി വാങ്ങുന്നു. എന്നാല്‍, യൂസര്‍ഫീ കളക്ഷന്‍ ബുക്കില്‍ 50 രൂപ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഒരുവര്‍ഷം 1150 രൂപ നല്‍കിയവരുമുണ്ട്. കൂടാതെ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കളക്ഷന്‍ ബുക്ക് നല്‍കാതെ തുക കൈപ്പറ്റുന്നതായും പരാതിയുണ്ട്. സംഭവത്തില്‍ ഹരിത കര്‍മസേനംഗങ്ങളെയും പരാതിക്കാരെയും ഉള്‍പ്പെടുത്തി 17ന് ഹിയറിങ് നടത്താനാണ് നഗരസഭയുടെ തീരുമാനം.
What's Your Reaction?






