കാമാക്ഷി പഞ്ചായത്ത് ഓഫീസില്‍ ഒറ്റയാള്‍ സമരവുമായി വയോധിക
കാമാക്ഷി പഞ്ചായത്ത് ഓഫീസില്‍ ഒറ്റയാള്‍ സമരവുമായി വയോധിക
ഇടുക്കി: അതിദരിദ്ര കുടുംബത്തില്‍പ്പെട്ട വൃദ്ധ കാമാക്ഷി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധിച്ചു. തങ്കമണിയില്‍ വാടകയ്ക്ക് താമസിക്കുന്ന കോയിക്കല്‍ തങ്കമ്മയാണ് വീടിന്റെ വാടക നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുമായി ഒറ്റയാള്‍ സമരം നടത്തിയത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത തങ്കമ്മ അതിദരിദ്ര വിഭാഗത്തിലാണ്. എന്നാല്‍, അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വാടക ലഭ്യമാകാത്തതിന് കാരണമെന്ന് പഞ്ചായത്തംഗം സോണി ചൊള്ളാമഠം ആരോപിച്ചു. അടിയന്തരമായി പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അറിയിച്ചു.
തങ്കമ്മക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. പ്രതിമാസം ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ ഏകവരുമാനം. പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിലാണ് തങ്കമ്മയും. തങ്കമണിയില്‍ ദീര്‍ഘകാലമായി വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക്, വീടിന്റെ വാടക നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വാടകത്തുക ലഭ്യമാക്കാന്‍ നടപടി ഉണ്ടായില്ല.
ആനുകൂല്യവുമായി ബന്ധപ്പെട്ട ഫയല്‍ ജീവനക്കാരുടെ അനാസ്ഥയില്‍ നഷ്ടപ്പെടുത്തിയതായും വീണ്ടും അപേക്ഷ നല്‍കിയിട്ടും യഥാസമയം തീര്‍പ്പാക്കുന്നതില്‍ സെക്രട്ടറി ഉള്‍പ്പെടെ ജീവനക്കാര്‍ അലംഭാവം കാട്ടുകയാണെന്നും പഞ്ചായത്തംഗം സോണി ചൊള്ളാമഠം ആരോപിച്ചു. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് പറഞ്ഞു. എന്നാല്‍, തുക ലഭ്യമാക്കാന്‍ കാലതാമസമുണ്ടായതോടെയാണ് തങ്കമമ്മ പ്ലാക്കാര്‍ഡുമായി പഞ്ചായത്ത് ഓഫീസ് പടിക്കലും തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫീസിലും പ്രതിഷേധിച്ചത്.
What's Your Reaction?

