ഇടുക്കി: അണക്കര ചെല്ലാര്‍കോവിലില്‍ വാഹനാപകടത്തില്‍ മരിച്ച വെള്ളറയില്‍ ഷാനറ്റ് ഷൈജുവിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കനത്തമഴയിലും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടില്‍നിന്നാരംഭിച്ച വിലാപയാത്രയില്‍ നാട്ടുകാരും ബന്ധുക്കളും അണിനിരന്നു. ഒലിവുമല പള്ളിയില്‍ വൈകിട്ട് നാലുവരെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. മാതാപിതാക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി.
17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടാംമൈല്‍ വെള്ളറയില്‍ ഷൈജു- ജിനു ദമ്പതികളുടെ മകന്‍ ഷാനറ്റ്(18), സുഹൃത്തായ അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ ഷിബു(18) എന്നിവര്‍ മരിച്ചത്.
കുവൈത്തില്‍ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവ് ഒരാഴ്ചയിലേറെ വൈകിയിരുന്നു. ഒരുകുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഏജന്‍സി വഴി മൂന്നുമാസം മുമ്പാണ് ജിനു കുവൈത്തിലെത്തിയത്. എന്നാല്‍, ഏജന്‍സി പറഞ്ഞിരുന്ന ജോലിയല്ല ലഭിച്ചത്. വിശ്രമമില്ലാതെ കഠിനമായ ജോലി ചെയ്യേണ്ടിവന്നതിനാല്‍ ജിനു ജോലിയില്‍നിന്ന് പിന്‍മാറിയ തടങ്കലിലായി. തുടര്‍ന്ന്, കുവൈറ്റ് മലയാളി അസോസിയേഷന്റെ സഹായത്തോടെ ഇവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. അസോസിയേഷന്റെ ഇടപെടലില്‍ താല്‍കാലിക പാസ്പോര്‍ട്ടും ലഭിച്ചു. കോടതി നടപടിക്കുശേഷം കഴിഞ്ഞ 16ന് തിരികെ വരാനിരിക്കെ പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡ് ബാധയും വിനയായി. തൊട്ടടുത്തദിവസമാണ് ഷാനറ്റ് അപകടത്തില്‍ മരിച്ചത്. ജിനുവിനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റിണി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നടത്തിയ ഇടപെടല്‍ ഫലംകണ്ടതോടെ തിങ്കളാഴ്ച ജിനു നാട്ടിലെത്തിയിരുന്നു.