മലയോര ഹൈവേയുടെ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായില്ല: കാഞ്ചിയാറില്‍ മണ്ണിടിഞ്ഞ് 2 വീടുകള്‍ അപകടാവസ്ഥയില്‍ 

മലയോര ഹൈവേയുടെ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായില്ല: കാഞ്ചിയാറില്‍ മണ്ണിടിഞ്ഞ് 2 വീടുകള്‍ അപകടാവസ്ഥയില്‍ 

Jun 29, 2025 - 17:16
 0
മലയോര ഹൈവേയുടെ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായില്ല: കാഞ്ചിയാറില്‍ മണ്ണിടിഞ്ഞ് 2 വീടുകള്‍ അപകടാവസ്ഥയില്‍ 
This is the title of the web page

ഇടുക്കി: മലയോര ഹൈവേയുടെ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് മണ്‍തിട്ട ഇടിഞ്ഞ് 2 വീടുകള്‍ അപകടാവസ്ഥയില്‍. പത്താഴ്പുരക്കല്‍  റോജേഷ്, പുലിക്കുന്നേല്‍മുകളില്‍  അനില്‍കുമാര്‍ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത് .
ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി സ്വരാജില്‍  വ്യാപകമായി മണ്‍തിട്ട ഇടിച്ച് നിരത്തിയിരുന്നു. തുടര്‍ന്ന് മേഖലയില്‍ വ്യാപക മണ്ണിടിച്ചിലും ഉണ്ടായി. പിന്നീട് കരാറുകാര്‍ മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിച്ചു. എന്നാല്‍ ഇതിനുസമീപം മണ്ണെടുത്ത ഭാഗങ്ങളില്‍ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് കല്‍ക്കെട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. പലയിടങ്ങളിലും കല്‍ക്കട്ട് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. ഇതോടെയാണ് മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ഇടിഞ്ഞ ഭാഗത്ത് വീണ്ടും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ വിള്ളലുകള്‍ വീടുകളുടെ മുറ്റം വരെയും നീണ്ടുകിടക്കുന്നു. ഇതോടെ വലിയ ആശങ്കയിലാണ് കുടുംബം. മണ്ണ് നീക്കിയതോടെ വീടുകളിലേക്കുള്ള വഴിയും നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഒരു വീട്ടിലേക്ക് ഉള്ള വഴി മാത്രമാണ് നിലവില്‍ കരാറുകാരന്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. എന്നാല്‍ മണ്ണിടിയുന്ന സാഹചര്യത്തില്‍ ഈ നടപ്പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീഴുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്രയും മുടങ്ങും. വീട്ടിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ജീവന്‍ പണയം വച്ചാണ് നടപ്പുവഴി ഉപയോഗിക്കുന്നത് . ഏതുസമയവും വലിയ മണ്ണിടിച്ചില്‍ ഉണ്ടായേക്കാം. ഉടനെ കരാറുകാര്‍ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇനി മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും. അതിനിടയ്ക്ക് മണ്ണിടിച്ചിലുണ്ടായി വീടടക്കം തകരുന്ന സ്ഥിതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മേഖലയിലുള്ളവര്‍. നിലവില്‍ ഭൂമി വിണ്ട ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ വച്ച്  വെള്ളം ഇറങ്ങാതെ സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണ് കുടുംബങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow