കട്ടപ്പന-കമ്പം അന്തര്‍സംസ്ഥാന ഭൂഗര്‍ഭപാത സര്‍ക്കാര്‍ പരിഗണനയില്‍: ഗ്രീന്‍വാലി ടൂറിസം കമ്പനി
കട്ടപ്പന-കമ്പം അന്തര്‍സംസ്ഥാന ഭൂഗര്‍ഭപാത സര്‍ക്കാര്‍ പരിഗണനയില്‍: ഗ്രീന്‍വാലി ടൂറിസം കമ്പനി

ഇടുക്കി: കട്ടപ്പന- കമ്പം അന്തര്‍സംസ്ഥാന ഭൂഗര്‍ഭപാത എന്ന ആശയം സര്‍ക്കാര്‍ പരിഗണനയിലെടുത്തതായി ഇടുക്കി ഗ്രീന്‍വാലി ടൂറിസം കമ്പനി മാനേജിങ് ഡയറക്ടര്‍ സിബി കൊല്ലംകുടി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ച് ജില്ലയുടെ ടൂറിസം സാധ്യത പതിന്മടങ്ങ് വര്‍ധിക്കും. ജില്ലാ ആസ്ഥാനം മുതല്‍ കട്ടപ്പന അഞ്ചുരുളി വരെയുള്ള ടൂറിസം സാധ്യതകളെ മുന്‍നിര്‍ത്തിയാണ് ഭൂഗര്‍ഭപാത എന്ന ആശയം മുന്നോട്ടുവച്ചത്. കട്ടപ്പന പാറക്കടവില്‍ നിന്നുതുടങ്ങി കമ്പത്ത് എത്തിച്ചേരും വിധമാണ് പാത. സമുദ്രനിരപ്പില്‍നിന്ന് 880 മീറ്റര്‍ ഉയരത്തിലാണ് കട്ടപ്പന. കമ്പം സമുദ്രനിരപ്പില്‍നിന്ന് 600 മീറ്റര്‍ ഉയരത്തിലും. 280 മീറ്റര്‍ ഉയരവ്യത്യാസമാണ് രണ്ട് പ്രദേശങ്ങളും തമ്മിലുള്ളത്. 13 കിലോമീറ്ററാണ് പാതയുടെ ദൂരം. 13,000 മീറ്ററിന് 280 മീറ്റര്‍ എന്നാല്‍ 100 മീറ്ററിന് 2.2 മീറ്റര്‍ മാത്രം ചരിവില്‍ ടണല്‍പാത നിര്‍മിക്കാവുന്നതാണ്.
ഐആര്‍സിയുടെ മാനദണ്ഡപ്രകാരം 3 ശതമാനം വരെ തുരങ്കപാതകള്‍ക്ക് ഉയരവ്യത്യാസം അനുവദനീയമാണ്. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തി ആശയം പരിഗണനയില്‍ എടുത്തിരിക്കുന്നത്. ഡീന്‍ കുര്യാക്കോസ് എംപിയും വിവിധ കക്ഷി നേതാക്കളും പദ്ധതിക്ക് പൂര്‍ണപിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂഗര്‍ഭപാത യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ ആദ്യ അന്തര്‍സംസ്ഥാന പാതയെന്ന ബഹുമതിയും പദ്ധതിക്ക് ലഭിക്കും. കൂടാതെ നിര്‍ദ്ദിഷ്ട കൊച്ചി- ധനുഷ്‌കോടി ഗ്രീന്‍ഫീല്‍ഡ് പാതയുടെ പ്രായോഗിക തടസങ്ങള്‍ മാറി അടിമാലി-കുമളി ദേശീയപാതയുടെ തുടര്‍ച്ചയായും പദ്ധതി പ്രയോജനപ്പെടുത്താം. നിലവിലെ കൊട്ടാരക്കര- ദിണ്ടുക്കല്‍ ദേശീയപാതയും കമ്പംമെട്ട് -കമ്പം സംസ്ഥാനപാതയും റിസര്‍വ് വനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ഈ റോഡുകളുടെ വികസനം നിലവിലെ സാഹചര്യത്തില്‍ ഏറെ ദുഷ്‌കരമാണ്. നിര്‍ദിഷ്ട ദിണ്ടിക്കല്‍- ഗൂഡല്ലൂര്‍ നാലുവരി പാത, തേനി- ഗൂഡല്ലൂര്‍ റെയില്‍വേ ലൈനിലേക്കും കട്ടപ്പനയില്‍നിന്ന് 15 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാവും. ബംഗളുരു- ചെന്നൈ തുടങ്ങിയ മെട്രോസിറ്റികളിലേക്കും യാത്രാദൂരം 7 മണിക്കൂറായി ചുരുങ്ങും. ശബരിമല തീര്‍ഥാടനവും ഏറെ സുഗമമാകും. വര്‍ധിച്ചുവരുന്ന ഗതാഗത തടസങ്ങള്‍ക്ക് ഭൂഗര്‍ഭപാത മാത്രമാണ് ഏക പോംവഴി എന്നാണ് വിലയിരുത്തല്‍.
What's Your Reaction?






