450 കടന്ന് വെളിച്ചെണ്ണ: കൈ പൊള്ളിക്കും
450 കടന്ന് വെളിച്ചെണ്ണ: കൈ പൊള്ളിക്കും

ഇടുക്കി: സംസ്ഥാനത്ത് ദിനംപ്രതി വെളിച്ചെണ്ണ വില വര്‍ധിക്കുന്നു. ലിറ്ററിന് 450 രൂപയാണ് നിലവിലെ വില. പൊതുവിപണിയില്‍ തേങ്ങയുടെ വില കുതിച്ചുയര്‍ന്നതോടെയാണ് കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വിലയുയര്‍ന്നത്. കിലോക്ക് 230 മുതല്‍ 240 വരെ വിലയുണ്ടെങ്കിലും കൊപ്ര കിട്ടാനില്ലാത്ത സ്ഥിതിയാണ്. കിലേയ്ക്ക് 90 രൂപവരെയാണ് നാളികേരത്തിന് ചെറുകിട വിപണിയിലെ വില. വലിപ്പത്തിനനുസരിച്ച് 35 മുതല്‍ 45 രൂപവരെ വാങ്ങുന്നവരുമുണ്ട്. ഇപ്പോള്‍ ചിരട്ടയ്ക്കും ചകിരിക്കും ആവശ്യക്കാര്‍ ഏറെയാണ്. രോഗബാധയും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായതോടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. മണ്ഡരിയും കുമ്പുചീയലും വെള്ളീച്ചയും മഞ്ഞളിപ്പും ബാധിച്ച് തേങ്ങ ഉല്‍പ്പാദനം പകുതിയായി. കാറ്റുവീഴ്ച ബാധിച്ചതോടെ ആയിരക്കണക്കിനു തെങ്ങുകളാണ് വെട്ടിമാറ്റിയത്. കാലാവസ്ഥ വ്യതിയാനവും ഉല്‍പ്പാദനത്തെ ബാധിച്ചു. ഇതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കരിക്ക് വില്‍പ്പന കൂടിയതും പച്ചതേങ്ങയുടെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. കര്‍ഷകര്‍ക്ക് ലാഭവും കരിക്ക് വില്‍പ്പനയാണ്. കച്ചവടക്കാര്‍ തോപ്പുകളിലെത്തി അവരുടെ ചെലവില്‍ തന്നെ കരിക്ക് വെട്ടിയിറക്കി കൊണ്ടുപോകും. ഇത് കര്‍ഷകരുടെ കൂലി ചെലവ് കുറയ്ക്കും. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മില്ലുടമകള്‍. ഒരു കിലോ കൊപ്രയില്‍നിന്ന് ശരാശരി 600 ഗ്രാം വെളിച്ചെണ്ണയാണ് ലഭിക്കുക. കൊപ്രയാട്ടുന്ന ചെലവുള്‍പ്പെടെ പരിഗണിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ വെളിച്ചെണ്ണയാട്ടി വില്‍ക്കുന്നത് ലാഭകരമല്ലെന്ന് മില്ലുടമകള്‍ പറയുന്നു. കൊപ്രയുടെ ഇപ്പോഴത്തെ വിലതുടര്‍ന്നാല്‍ വെളിച്ചെണ്ണ വിലയില്‍ ഇനിയും വര്‍ധിക്കും.
What's Your Reaction?






