മറയൂരിലേക്ക് 'കളം മാറ്റി' പടയപ്പ: 2 വീടുകള്‍ തകര്‍ത്തു
മറയൂരിലേക്ക് 'കളം മാറ്റി' പടയപ്പ: 2 വീടുകള്‍ തകര്‍ത്തു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ സ്ഥിരസാന്നിധ്യമായിരുന്ന പടയപ്പ മറയൂര്‍ മേഖലയിലും ഭീതിപരത്തുന്നു. മറയൂര്‍ പാമ്പന്‍മലയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര തകര്‍ത്തു. പ്രദേശവാസികളായ ശിങ്കാര്‍, രാജ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ ജനാലകളും വാതിലും തകര്‍ത്ത് കാട്ടാന പരാക്രമം നടത്തിയതോടെ വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പാമ്പന്‍മല, കാപ്പി സ്റ്റോര്‍, ചട്ട മൂന്നാര്‍, ലക്കം ന്യൂ ഡിവിഷന്‍, തലയാര്‍, കടുകുമുടി എന്നീ പ്രദേശങ്ങളിലൂടെ ചുറ്റിത്തിരിയുന്ന സ്ഥിതിയുണ്ട്. പടയപ്പ മറയൂര്‍ മേഖലയില്‍ സ്ഥിരമായി തമ്പടിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത് പ്രദേശത്തെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞദിവസം മറയൂര്‍ പഞ്ചായത്തിലെ പള്ളനാട്ടിലെ കൃഷിസ്ഥലങ്ങളില്‍ എത്തി നാശനഷ്ടമുണ്ടാക്കി. തോട്ടം മേഖല മറികടന്ന് ആന തെങ്ങ്, പച്ചക്കറി കരിമ്പ് ഉള്‍പ്പെടെ കൃഷി ചെയ്യുന്ന മേഖലയിലേക്ക് എത്തുന്നതും കര്‍ഷകര്‍ക്ക് ആശങ്കയാകുന്നുണ്ട്. ആനയെ ജനവാസ മേഖലയില്‍നിന്ന് തുരത്താന്‍ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






