മൂന്നാര്‍ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍: പ്രഖ്യാപനം ഡിസംബറില്‍
മൂന്നാര്‍ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍: പ്രഖ്യാപനം ഡിസംബറില്‍

ഇടുക്കി: അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രം. മൂന്നാറിലെ ആവാസവ്യവസ്ഥ സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണമാക്കാന്‍ മൂന്നാറിനെ ഒരു നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കും. അതിനായി മൂന്നാറില്‍ വിവിധ റെസ്പോണ്‍സിബിള്‍ ടൂറിസം പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ഡിസംബര്‍ അവസാനത്തോടെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കാനുള്ള കര്‍മപദ്ധതി നടപ്പാക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ടൂറിസം വകുപ്പ് അറിയിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയാണ പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി 'സുസ്ഥിര അതിജീവന വിനോദസഞ്ചാരകേന്ദ്രങ്ങള്‍' എന്ന പദ്ധതിയില്‍പ്പെടുത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. ഏതൊരു പ്രദേശത്തെയും പാരിസ്ഥിതികവും സാമൂഹിക സാംസ്‌കാരികവുമായ പ്രത്യേകതകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് പ്രാദേശിക സമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഒരു ഉപാധിയായി ടൂറിസത്തെ മാറ്റും. പ്രദേശവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി ആ പ്രദേശത്തെ നിലനിര്‍ത്തി വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുതകുന്ന കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം. മൂന്നാറിലും സമീപ പഞ്ചായത്തുകളിലും വിവിധ പദ്ധതികള്‍ വഴി കേരളത്തിലെ റെസ്പോണ്‍സിബിള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്്. ഇത്തരത്തിലുള്ള പദ്ധതികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പാക്കി പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്രമീകരിക്കാനാവും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക, കാര്‍ബണ്‍ രഹിത ടൂറിസം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുവാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൈത്തൊഴിലുകള്‍, കലകള്‍, കരകൗശല വിദ്യ, നാടന്‍ ഭക്ഷണം തുടങ്ങിയവയുമായി കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. കേരളത്തിലെ പ്രധാന ഹില്‍ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍. നിലവില്‍ മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗവും ഉപജീവനോപാധിയുമാണ് ടൂറിസം. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രത്യേകതകളും മനോഹരമായ ഭൂപ്രകൃതിയും ആകര്‍ഷകമായ കാലാവസ്ഥയുമാണ് മൂന്നാറിന്റെ ടൂറിസം വികസനത്തിന്റെ അടിസ്ഥാനം. മൂന്നാറും ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. കേരളത്തില്‍ നിന്നുള്ള ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനും ആഭ്യന്തരടൂറിസ്റ്റുകളും ദേശീയ ടൂറിസ്റ്റുകളും ഏറ്റവുമധികം വന്നുപോകുന്ന ടൂറിസം കേന്ദ്രവും മൂന്നാറാണ്.
What's Your Reaction?






