മൂന്നാറില്‍ പടയപ്പയുടെ ശല്യം രൂക്ഷം
മൂന്നാറില്‍ പടയപ്പയുടെ ശല്യം രൂക്ഷം
ഇടുക്കി: മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഓട്ടോറിക്ഷ തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് ആറരയോടെ മൂന്നാര്‍ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഗൂഡാര്‍വിള സ്വദേശി ജഗന്റെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്. മൂന്നാറില്‍ നിന്ന് സൈലന്റ് വാലിയിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ പടയപ്പയുടെ മുമ്പില്‍ പെടുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആന പാഞ്ഞടുത്തതോടെ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ പടയപ്പ തുമ്പികൈകൊണ്ട് അടിച്ച് ഓട്ടോറിക്ഷ തകര്‍ത്തു. ഒരാഴ്ച മുമ്പാണ് പടയപ്പ മറയൂര്‍ മേഖലയില്‍ നിന്ന് മൂന്നാറിലെത്തിയത്. തെന്മല, ഗുണ്ടുമല പ്രദേശങ്ങളില്‍ കൃഷി നശിപ്പിച്ച ആന വെള്ളിയാഴ്ച രാത്രി മാട്ടുപ്പട്ടിയിലുള്ള ദേവികുളം പഞ്ചായത്ത് ഓഫീസിനു മുമ്പിലും ഇറങ്ങിയിരുന്നു. നാട്ടുകാര്‍ ബഹളം വച്ചതോടെ ആന പിന്‍വാങ്ങി. പടയപ്പയുടെ ശല്യം പ്രദേശത്ത് രൂക്ഷമാകുകയാണ്.
What's Your Reaction?

