ചിത്രപൗര്‍ണമി ഉത്സവം ഏപ്രില്‍ 23ന്: ഐതീഹ്യപ്പെരുമയില്‍ മംഗളാദേവി കണ്ണകി ക്ഷേത്രം
ചിത്രപൗര്‍ണമി ഉത്സവം ഏപ്രില്‍ 23ന്: ഐതീഹ്യപ്പെരുമയില്‍ മംഗളാദേവി കണ്ണകി ക്ഷേത്രം

ഇടുക്കി: ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന ചിത്രപൗര്‍ണമി ഉത്സവം ഏപ്രില്‍ 23ന് നടക്കും. ചൈത്രമാസത്തിലെ പൗര്‍ണമി നാളിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇരു സംസ്ഥാനങ്ങളും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നീളുകയാണ്. സമുദ്രനിരപ്പില്‍ നിന്നു 4500 അടി ഉയരത്തിലുള്ള പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന മംഗളാദേവിമലയുടെയും ക്ഷേത്രത്തിന്റെയും മേല്‍ ആദ്യം അവകാശവാദമുന്നയിച്ച് മദ്രാസ് പ്രസിഡന്‍സിയായിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ 1817-ല്‍ തടത്തിയ സര്‍വേയില്‍ മംഗളാദേവി പൂര്‍ണമായും തിരുവിതാംകൂറിനു അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു. പിന്നീട് 1854ല്‍ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കല്‍ സര്‍വേയും ഇതു സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യാനന്തരം 1979-ല്‍ വീണ്ടും തര്‍ക്കമുയര്‍ന്നു. ഇതേത്തുടര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം ക്ഷേത്രവും ഇതോടു ചേര്‍ന്നുള്ള 62 സെന്റ് സ്ഥലവും പൂര്‍ണമായും കേരളത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു.
1983ല്‍ പുനപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനും ഉത്സവ നടത്തിപ്പിനും വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് 1985 മുതലാണ്. പിന്നീട് അധികാരത്തില്‍ വന്ന തമിഴ്നാട് സര്‍ക്കാരുകള്‍ പലവട്ടം അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് ഉത്സവം സംഘടിപ്പിച്ചുവരുന്നത്.
ചേരരാജാവായ ചേരന്‍ ചെങ്കുട്ടവനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചിലപ്പതികാരത്തിലെ ബിംബപ്രതിഷ്ഠാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മണ്ഡപം, തിടപ്പള്ളി, ബലിക്കല്‍പുര, ഗര്‍ഭഗൃഹം, ശ്രീകോവില്‍ എന്നിവയെല്ലാം നിര്‍മിച്ചിരിക്കുന്നത് ക്ഷേത്ര വിധിപ്രകാരം തന്നെയാണ്. ശ്രീകോവില്‍ രണ്ട് തട്ടുകളിലാണ്. തകര്‍ന്ന് വീണതും അവശേഷിക്കുന്നതുമായ മതിലിലും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളിലും പ്രാചീന തമിഴ്ലിപിയില്‍ കൊത്തിയ ലിഖിതങ്ങളും രേഖാ ചിത്രങ്ങളും വ്യാളീരൂപങ്ങളും ഇപ്പോഴും ശേഷിക്കുന്നുണ്ട്. തകര്‍ന്ന ചുറ്റുമതിനുള്ളില്‍ നാല് മണ്ഡപങ്ങളുണ്ട്. ഇവ മാത്രമാണ് ആരാധാന സ്ഥലങ്ങളെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ പരാമര്‍ശിക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് മംഗളാദേവിയില്‍ നിന്നു ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു.
തുരങ്കത്തിന്റെ തകര്‍ന്ന കവാടവും വറ്റാത്ത രണ്ട് കുളങ്ങളും ക്ഷേത്രത്തിനു സമീപത്തുണ്ട്. ശ്രീകോവിലുകളെല്ലാം തമിഴ്നാട്ടിലേക്ക് തുറന്നിരിക്കുന്നതും ചരിത്രത്തിന് അപ്പുറത്തേക്ക് ഭക്തരുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. പുരാതന കാലത്തെ ഈ പ്രദേശം ഗൂഡല്ലൂര്‍ ആസ്ഥാനമാക്കിയ പൂഞ്ഞാര്‍ രാജാവിന്റെ അധീനതയിലായിരുന്നു. അക്കാലത്തെ ചിത്രാപൗര്‍ണമി നാളിലെ ഉത്സവം മറ്റൊരു മാമാങ്കഭൂമിയായി മംഗളാദേവിയെ മാറ്റിയിരുന്നു. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ ചിത്രാപൗര്‍ണമി നാളില്‍ നടക്കുന്ന ഉത്സവത്തെ പലവട്ടം തമിഴര്‍ അക്രമിച്ചിരുന്നു. ക്ഷേത്രത്തിന്റെ സമീപത്തുള്ള പുല്‍മൈതാനമായിരുന്നു യുദ്ധക്കളം. ഇതോടെയാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. പിന്നീട് യുദ്ധ കരാര്‍ അനുസരിച്ച് 1772-ല്‍ പൂഞ്ഞാര്‍ രാജാവിനു മംഗളാവേദി പ്രദേശം വിട്ടുകൊടുത്തുവെന്നാണ് ചരിത്ര രേഖകളില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
ഐതീഹ്യം
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ക്ഷേത്രത്തിന്റെ പിന്നിലുള്ള ഐതീഹ്യം. കാവേരിപും പട്ടണത്തിലെ പ്രശസ്തനായ രാജാവ് കരികാലചോളന്റെ മകനായ കോവലന്‍ ഇവിടുത്തെ പ്രശസ്തനായ ഒരു വ്യാപാരിയുടെ മകളായ കണ്ണകിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. കൊട്ടാരത്തിലെ നര്‍ത്തകിയായ മാധവിയില്‍ ആകൃഷ്ടയായ കോവലന്‍ ഒടുവില്‍ അവരെ വിവാഹം ചെയ്തു. പിന്നീട് സമ്പത്തെല്ലാം നഷ്ടമായ കോവലന്‍ പശ്ചാത്താപത്തോടെ കണ്ണകിയുടെ അടുത്ത് മടങ്ങിയെത്തി. നിറഞ്ഞ മനസോടെ കണ്ണകി കോവലനെ സ്വീകരിച്ചു.
ജീവിത മാര്‍ഗത്തിനായി എന്തെങ്കിലും കച്ചവടം ചെയ്യണമെന്ന തീരുമാനം കണ്ണകിയെ അറിയിച്ചു. കച്ചവടം നടത്തുന്നതിനുള്ള പണം കണ്ടെത്താന്‍ തന്റെ ഒരു ചിലമ്പ് വില്‍ക്കാമെന്ന് കണ്ണകി കോവലനോടു പറഞ്ഞു. ചിലമ്പ് വില്‍ക്കാന്‍ കോവലന്‍ പട്ടണത്തിലേക്ക് പോയ അവസരത്തിലായിരുന്നു പാണ്ഡ്യരാഞ്ജിയുടെ ചിലമ്പ് മോഷണം പോയത്. എന്നാല്‍ രാഞ്ജിയുടെ ചിലമ്പ് മോഷ്ടിച്ച തട്ടാന്റെ അടുത്തായിരുന്നു കണ്ണകി കൊടുത്തയച്ച ചിലമ്പുമായി കോവലന്‍ എത്തിയത്. കൗശലക്കാരനായ തട്ടാന്‍ അവസരം മുതലെടുത്ത് ചിലമ്പ് തന്ത്രപൂര്‍വ്വം കൈക്കലാക്കി. മോഷണം പോയ രാഞ്ജിയുടെ ചിലമ്പാണിതെന്ന് പറഞ്ഞ് പാണ്ഡ്യരാജാവിനെ വിവരമറിയിച്ചു. കോപിഷ്ഠനായ രാജാവ് കോവലനെ വധിച്ചു. വിവരം അറിഞ്ഞെത്തിയ കണ്ണകി തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് രാജസന്നിധിയില്‍ രാജാവിനെ ധരിപ്പിച്ചു. കണ്ണകിയുടെയും കോവിലന്റെയും സത്യസന്ധത മനസിലാക്കിയ രാജാവ് തന്റെ തെറ്റില്‍ മനംനൊന്ത് ഹൃദയംപൊട്ടി മരിച്ചു. എന്നാല്‍ രോഷാകുലയായ കണ്ണകി തന്റെ ഇടതു മാറിടം പറിച്ചെറിയുകയും കൈയിലിരന്ന ഒരു ചിലമ്പ് എറിഞ്ഞുടച്ച് മധുരാപുരി അലഞ്ഞു നടന്നു. കണ്ണകിയുടെ കോപാഗ്നിയില്‍ മധുരാനഗരം കത്തി ചാമ്പലായിയെന്നുമാണ് ഐതീഹ്യം. ഇവിടെ നിന്നും ദിക്കറിയാതെ നീങ്ങിയ കണ്ണകി 16 ദിവസങ്ങള്‍ക്ക് ശേഷം മംഗളാദേവിയിലെത്തി സ്വാര്‍ഗാരോഹണം ചെയ്തു. രോഷാകുലയായ കണ്ണകിയെ കണ്ട മലങ്കുറവന്‍മാര്‍ ചേരന്‍ ചെങ്കുട്ടവന്‍ രാജാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് കണ്ണകിയുടെ സ്മരണയ്ക്കായി മംഗളാദേവിയില്‍ ക്ഷേത്രം നിര്‍മിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.
ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് സംഘാടനം
കാലപ്പഴക്കത്താല്‍ തകര്‍ന്ന ക്ഷേത്രം പുനര്‍ നിര്‍മിക്കണമെന്നുള്ള നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 2015-ല്‍ സംസ്ഥാന അറ്റോര്‍ണി ജനറലും പുരാവസ്തു ഡയറക്ടറും ക്ഷേത്രം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. കമ്പം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണകി ട്രസ്റ്റ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായില്ല. 1984 മുതല്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് കണ്ണകി ക്ഷേത്രം. കഴിഞ്ഞ ദിവസം ചേര്‍ന്ന ആലോചന യോഗത്തില്‍ ഉത്സവം മൂന്നു ദിവസമാക്കണമെന്ന തമിഴ്നാട് കണ്ണകി ട്രസ്റ്റിന്റെ ആവശ്യം തള്ളിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഇതേ ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. ഉത്സവദിനത്തില്‍ രാവിലെ നാലിനു ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കും. ഭക്തര്‍ക്ക് രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ക്ഷേത്രത്തില്‍ പ്രവേശിക്കാം. കേരളത്തില്‍ നിന്നു 470 ഉം തമിഴ്നാട്ടില്‍ നിന്നു 300 പോലീസ് ഉദ്യോഗസ്ഥരെ ഇത്തവണ സുരക്ഷയ്ക്കായി വിന്യസിക്കും. ആരോഗ്യ കേന്ദ്രങ്ങളും ഇരു സംസ്ഥാനങ്ങളും സജ്ജമാക്കും. കനത്ത സുരക്ഷ സംവിധാനങ്ങളും നിയന്ത്രണങ്ങളുമാണ് ഇക്കുറിയും ഏര്‍പ്പെടുത്തുന്നത്. ടാക്സി ജീപ്പുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. കുപ്പിവെള്ളം, പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. കുമളിയില്‍ നിന്നു 13 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധനയും ഉണ്ടാകും. തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചിത്രപൗര്‍ണമി ഉത്സവം നടക്കുന്നത്.
What's Your Reaction?






