പരുന്തുംപാറയിലെ കടയില്‍ മോഷണം: 10,000 രൂപയും സാധനങ്ങളും കവര്‍ന്നു: തസ്‌കരര്‍ കൂളിങ് ഗ്ലാസും അടിച്ചുമാറ്റി
പരുന്തുംപാറയിലെ കടയില്‍ മോഷണം: 10,000 രൂപയും സാധനങ്ങളും കവര്‍ന്നു: തസ്‌കരര്‍ കൂളിങ് ഗ്ലാസും അടിച്ചുമാറ്റി

ഇടുക്കി: പീരുമേട് പരുന്തുംപാറയില്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് പണവും തേയിലപ്പൊടിയും സാധനസാമഗ്രികളും കവര്‍ന്നു. പരുന്തുംപാറ സ്വദേശി വര്‍ഗീസിന്റെ കടയില്‍ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. 10000 രൂപയും 30 കിലോ തേയിലപ്പൊടി, 6 പാക്കറ്റ് കൂളിങ് ഗ്ലാസ്, ചോക്ലേറ്റ് എന്നിവയും മോഷണംപോയി. തിങ്കളാഴ്ച രാവിലെ വര്‍ഗീസ് കട തുറക്കാന്‍ എത്തിയപ്പോള്‍ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെയും പീരുമേട് പൊലീസിലും വിവരമറിയിച്ചു. നഷ്ടപ്പെട്ട പണത്തില്‍ 6,000 രൂപയുടെ നാണയങ്ങളും ഉള്‍പ്പെടുന്നു. പള്ളിയില്‍ നല്‍കാനായി മാറ്റിവച്ചിരുന്ന പണമായിരുന്നു ഇത്.
മേഖലയില്‍ മദ്യപസംഘങ്ങളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് പട്രോളിങ്ങും നടക്കുന്നില്ല. ഗ്രാമ്പി എസ്റ്റേറ്റിലെ തൊഴിലാളിയായ വര്‍ഗീസിന് നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. കടയില്‍നിന്നുള്ള വരുമാനമാണ് നാലംഗ കുടുംബത്തിന്റെ ആശ്രയം. രാത്രികാലങ്ങളില്‍ ഇവിടെ വരുന്നവര്‍ വ്യാപാരികളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതായും പരാതിയുണ്ട്. പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?






