ചക്കകളില്‍ കണ്ണെറിഞ്ഞ് ചക്കക്കൊമ്പന്‍: ചിന്നക്കനാലില്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാക്കുന്നു
ചക്കകളില്‍ കണ്ണെറിഞ്ഞ് ചക്കക്കൊമ്പന്‍: ചിന്നക്കനാലില്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാക്കുന്നു

ഇടുക്കി: ചക്കകള്‍ ഭക്ഷണമാക്കാനായി ചിന്നക്കനാലിലെ കൃഷിയിടങ്ങളില്‍ തമ്പടിച്ച് കാട്ടുകൊമ്പന്‍ ചക്കകൊമ്പന്‍. പ്ലാവ് കുലുക്കി ചക്ക പറിച്ച് ഭക്ഷിക്കുന്നതിനൊപ്പം പുരയിടങ്ങളില്‍ കൃഷിനാശവുമുണ്ടാക്കുന്നു. കൈവശ ഭൂമിയായതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. അനുമതിയില്ലാത്തതിനാല്‍ പ്ലാവുകള്‍ മുറിച്ചുമാറ്റാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. അക്രമകാരിയായ ചക്കക്കൊമ്പന്‍ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങാതെ തുരത്താന്‍ ആര്‍ആര്‍ടിയും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ചിന്നക്കനാലിലെ പ്ലാവുകളില്‍ ചക്ക വിളഞ്ഞതോടെ ചക്കക്കൊമ്പന്റെ വിളയാട്ടമാണ്. കഴിഞ്ഞദിവസം കോഴിപ്പന്നകുടി സ്വദേശി രാജാറാമിന്റെ കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചു. പ്ലാവില്‍നിന്ന് ചക്ക പറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വളര്‍ത്തുനായ കുരച്ച് ചാടിയെങ്കിലും കൊമ്പന്‍ പിന്‍വാങ്ങിയില്ല. മൂന്നുമണിക്കൂറോളം പ്രദേശത്ത് തമ്പടിച്ചശേഷം അടുത്ത കൃഷിയിടത്തിലേയ്ക്ക് നീങ്ങി. പ്ലാവ് കുലുക്കിയും കുത്തിമറിച്ചും ചക്ക ഭക്ഷിക്കുന്നതിനൊപ്പം മറ്റ് വിളകളും നശിപ്പിക്കുന്നു.
ഏതാനം ആഴ്ചകള്‍ക്കിടെ നിരവധിപേരുടെ കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കി. മറ്റ് കാട്ടാനകള്‍ സിങ്കുകണ്ടം, ബിഎല്‍ റാവ് മേഖലകളിലും കൃഷി നശിപ്പിക്കുന്നു. കാട്ടുകൊമ്പന്‍ പടയപ്പയും മറ്റ് ജനവാസ മേഖലകളില്‍ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. അതേസമയം ആര്‍ആര്‍ടിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
What's Your Reaction?






