കട്ടപ്പന നഗരസഭയിലെ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സന്റീവ് നല്‍കാനുള്ള തീരുമാനം: ഡിപിസി അംഗീകാരം ലഭിച്ചില്ല
കട്ടപ്പന നഗരസഭയിലെ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സന്റീവ് നല്‍കാനുള്ള തീരുമാനം: ഡിപിസി അംഗീകാരം ലഭിച്ചില്ല

ഇടുക്കി: കട്ടപ്പന നഗരസഭാ പരിധിയിലെ ആശാവര്‍ക്കര്‍മാര്‍ക്ക് നഗരസഭയുടെ ഓണ്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2000 രൂപ ഇന്‍സന്റീവ് നല്‍കാനുള്ള തീരുമാനം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു.
നഗരസഭ ഫണ്ട് വകയിരുത്തിയെങ്കിലും ഈ പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരം ലഭിച്ചില്ല. ആശാവര്‍ക്കര്‍മാര്‍ക്ക് 7000 രൂപയും കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെന്റീവ് 2000 രൂപയുമാണ് നിലവില്‍ ലഭിച്ചിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ തങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമര പരിപാടികളോട് സര്‍ക്കാര്‍ മുഖം തിരിച്ചുതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് യുഡിഎഫ് ഭരണസമിതിയുള്ള നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഫണ്ട് വകയിരുത്തി ഒരു തുക ഇന്‍സന്റീവായി നല്‍കണമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കട്ടപ്പന നഗരസഭ ഫണ്ട് വകയിരുത്തിയത്. 2000 രൂപ ഇന്‍സെന്റീവ് ആയിട്ട് നല്‍കാനായിരുന്നു തീരുമാനം. ഇതിന്‍ പ്രകാരം പദ്ധതി ഉണ്ടാക്കി ഡിപിസിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചെങ്കിലും സര്‍ക്കാരിന്റെ തീരുമാനമില്ലാതെ നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഈ തുക ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിലവില്‍
തുച്ഛമായ വേതനത്തില്‍ ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് അനുഭാവപൂര്‍വ്വമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന് കട്ടപ്പന നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍ പ്രശാന്ത് രാജു പറഞ്ഞു. നിലവില്‍ ആശാവര്‍ക്കര്‍മാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി 7000 രൂപ സര്‍ക്കാര്‍ ഓണറേറിയം നല്‍കുമ്പോള്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് 500 രൂപ വേണം എന്ന നിബന്ധന ഉണ്ട്. മാസം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് 500 രൂപ ആയില്ലെങ്കില്‍ 7000 രൂപ എന്നുള്ളത് 3500 രൂപയായി ചുരുങ്ങും. ഇതോടെ നാമമാത്ര തുക മേടിച്ച് ജോലിചെയ്ത് മുമ്പോട്ടു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ദൈനംദിന ജീവിത ചിലവുകള്‍ വര്‍ദിച്ചു വരുന്ന ഈ സാഹചര്യത്തില്‍ തങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
What's Your Reaction?






