ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ഗൂഢനീക്കം ജനം തിരിച്ചറിയണം: സി വി വര്‍ഗീസ്
ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ഗൂഢനീക്കം ജനം തിരിച്ചറിയണം: സി വി വര്‍ഗീസ്

ഇടുക്കി: ലോകജനശ്രദ്ധ നേടിയ കേരളത്തിലെ ആരോഗ്യ മേഖലയെ താറടിച്ചുകാണിക്കാനുള്ള യുഡിഎഫ്- ബിജെപി ഗൂഢനീക്കം ജനം തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി ഇരുപതേക്കറില്‍ സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണത്തെയും മൃതദേഹത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ഹീനമായ രാഷ്ട്രീയമാണ് ഇത്തരക്കാര്‍ക്ക്. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം വളച്ചൊടിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോട്ടയത്ത് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞത് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമാണെന്നാണ്. പീരുമേട്ടില്‍ കാട്ടാന ആക്രമണത്തിനിരയായ സീതയുടെ മരണവും കൊലപാതകമാക്കാനും ബോധപൂര്‍വം നീക്കം നടത്തി. യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി പരിതാപകരമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. യുഡിഎഫ് ഭരണകാലത്തെ അപേക്ഷിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി എത്തുന്നവരുടെയും പതിന്മടങ്ങ് വര്‍ധിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രി ഉള്‍പ്പെടെ മികച്ച ആതുരാലയമാക്കി. കിഫ്ബിയിലൂടെ ആശുപത്രിക്ക് 16 കോടി രൂപയുടെ ബഹുനില കെട്ടിടവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമാക്കാന്‍ കട്ടപ്പന നഗരസഭ തയാറാകുന്നില്ല. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടായത് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമം ജനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും സി വി വര്‍ഗീസ് ആവശ്യപ്പെട്ടു. കെഎസ്‌കെടിയു കട്ടപ്പന ഏരിയ പ്രസിഡന്റ് രാജന്‍കുട്ടി മുതുകുളം അധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറി എം ജെ മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എന്‍ വിജയന്‍, ജില്ലാ ട്രഷറര്‍ രാജശേഖരന്‍, നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, പി ബി ഷാജി, ടോമി ജോര്‍ജ്, കെ പി സുമോദ്, പി വി സുരേഷ്, വി പി ജോണ്‍, ശോഭന കുമാരന്‍, കെ എന്‍ വിനീഷ്‌കുമാര്‍, ലിജോബി ബേബി, സി ആര്‍ മുരളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






