ഉപ്പുതറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് വായ് മൂടിക്കെട്ടി സമരം നടത്തി
ഉപ്പുതറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് വായ് മൂടിക്കെട്ടി സമരം നടത്തി

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ എംസിഎഫ് നിര്‍മിക്കാന്‍ സ്ഥലം വാങ്ങുന്ന വിഷയത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. യുഡിഎഫ് പഞ്ചായത്തംഗങ്ങളായ ഫ്രാന്‍സിസ് അറയ്ക്കപറമ്പിലും ഓമന സോദരനും പഞ്ചായത്ത് ഓഫീസിന് പടിക്കല്‍ വായ് മൂടിക്കെട്ടി സമരം നടത്തി. എം.സി.എഫിനുവേണ്ടി സ്ഥലം വാങ്ങുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പാളിച്ചകള്‍ക്കെതിരെയാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍ പറഞ്ഞു. 2024 ജൂലൈ 19ന് എംസിഎഫ് നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങലുമായി ബന്ധപ്പെട്ട് ഒരു സബ് കമ്മിറ്റി രൂപീകരിക്കുകയും അതില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ഫ്രാന്‍സിസ് അറക്കപറമ്പിലും, ഓമന സോദരനും അംഗങ്ങളാകുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ സബ് കമ്മിറ്റികളും ചേരാതെ വ്യാജമായി എഴുതിച്ചേര്‍ത്ത പഞ്ചായത്ത് കമ്മറ്റി തീരുമാനം പിന്‍വലിക്കുക, പഞ്ചായത്ത് ജനറല്‍ കമ്മറ്റിയില്‍ വിശദമായി ചര്‍ച്ച നടത്തി അംഗീകാരം നേടിയതിന് ശേഷം മാത്രം തുക നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തിയത്. 2 വര്‍ഷം മുമ്പ് ശ്മാശാനത്തിന് ഭൂമി വാങ്ങിയത് സെന്റിന് 67000 രൂപയ്ക്കാണ്. ഇതിന് സമീപമുള്ള സ്ഥലം ഇപ്പോള്‍ എംസിഎഫി ന് വാങ്ങുന്നത് സെന്റിന് 91000 രൂപയ്ക്കുമാണ്. ഇതില്‍ തന്നെ വലിയ രീതിയിലുള്ള അഴിമതിയുണ്ടെന്നും, ശ്മശാനം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങിയതിലും വലിയ രീതിയിലുള്ള അഴിമതി ഭരണസമിതി നടത്തിയിട്ടുണ്ടെന്നും വ്യാജമായി എഴുതി ചേര്‍ത്ത സബ് കമ്മിറ്റി തീരുമാനങ്ങള്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതിന് ശേഷമാണ് തങ്ങളെ ഉള്‍പ്പെടുത്തി 25ന് തീയതി സബ് കമ്മിറ്റി നടത്തിയതെന്നും ഇതില്‍ വലിയ രീതിയിലുള്ള അപാകതകളാണ് ഉള്ളത് എന്നും ഇവര്‍ ആരോപിക്കുന്നു.
What's Your Reaction?






