മൂന്നാര്‍ ലേബര്‍ ഓഫീസ് കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളം
മൂന്നാര്‍ ലേബര്‍ ഓഫീസ് കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളം

ഇടുക്കി: മൂന്നാര്‍ ന്യൂ നഗറില്‍ ഉദ്ഘാടനം ചെയ്ത ലേബര്‍ ഓഫീസ് കോംപ്ലക്‌സ് കെട്ടിടം പ്രവര്‍ത്തനമാരംഭിക്കാതെ കാടുകയറി നശിക്കുന്നു. കോടികള്‍ ചെലവിട്ടു നിര്‍മിച്ച കെട്ടിടം കന്നുകാലികളുടെയും തെരുവുനായ്ക്കളുടെയും വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളെ ഒരു കുടക്കീഴില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2.5 കോടി രൂപ ചെലവിട്ട് രണ്ടു നിലകളിലായി നിര്‍മിച്ച ലേബര്‍ കോംപ്ലക്‌സ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21നാണ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി ലേബര്‍ ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ഓഫീസ് എന്നിവയാണ് പുതിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് നാളുകള്‍ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിലേക്ക് ഓഫീസുകള്‍ മാറ്റിയിട്ടില്ല. കോംപ്ലക്‌സിന് ചുറ്റും സംരക്ഷണഭിത്തിയും ശുദ്ധജല സൗകര്യവുമില്ലാത്തതാണ് ഓഫീസുകള്‍ തുറക്കുന്നതിന് തടസമെന്നാണ് അധികൃതരുടെ വിശദീകരണം. കാടുകയറി കിടക്കുന്ന കെട്ടിടം വൈകുന്നേരമായാല്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. ഉടനടി കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
What's Your Reaction?






