വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു: സഹപാഠികളായ 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു: സഹപാഠികളായ 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഇടുക്കി: ബൈസണ്‍വാലി ഗവ. സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 10ലേറെ സഹപാഠികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച വിദ്യാര്‍ഥിക്ക് മറ്റൊരു പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. രാവിലെ ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയെ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നതിനിടെ ഇവര്‍ക്കുനേരെ സ്പ്രേ പ്രയോഗിച്ചു. ഇരു കൂട്ടരും തമ്മില്‍ പരസ്പരം കയ്യാങ്കളിയും വാക്ക് തര്‍ക്കവും ഉണ്ടായി. ഇതിനിടയില്‍ വിദ്യാര്‍ഥി കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുരുമുളക് സ്‌പ്രേ കൈയില്‍ പിടിച്ച് ഇരുവിഭാഗവും തമ്മില്‍ നടന്ന കയ്യാങ്കളിക്കിടെ ബഹളം കേട്ട് ഓടിക്കൂടിയ മറ്റ് വിദ്യാര്‍ഥികളുടെ ദേഹത്തും പെപ്പര്‍ സ്‌പ്രേ വീഴുകയായിരുന്നു. ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്ക് തര്‍ക്കത്തിലും കയ്യാങ്കളിയിലുമേര്‍പ്പെട്ട ഇരു കൂട്ടരും ആശുപത്രികളില്‍ ചികിത്സ തേടി. ഇരുകൂട്ടരുടെയും മൊഴികള്‍ രേഖപ്പെടുത്തി സംഭവത്തില്‍ കേസ് എടുക്കുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു.
What's Your Reaction?






