വേനല്‍ മഴ കനിയാതായതോടെ കൂപ്പുകുത്തി കാര്‍ഷിക മേഖല
വേനല്‍ മഴ കനിയാതായതോടെ കൂപ്പുകുത്തി കാര്‍ഷിക മേഖല

ഇടുക്കി: വേനല്‍ മഴ കനിയാതായതോടെ ജില്ലയിലെ കാര്‍ഷിക മേഖല കൂപ്പുകുത്തുന്നു. കനത്തവെയിലില്‍ ഏലം അടക്കമുള്ള കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയാണ്. വേനല്‍ മഴക്ക് സാധ്യത എന്ന അറിയിപ്പുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയില്‍ വേനല്‍ മഴ കനിഞ്ഞിട്ടില്ല. ഇതോടെ ചുട്ടുപൊള്ളുന്ന വേനലില്‍ കാര്‍ഷിക വിളകള്‍ നിലം പൊത്തുകയാണ്. വരള്‍ച്ച രൂക്ഷമായതോടെ ഏലം തണ്ടോടെ ഒടിഞ്ഞുവീഴുന്ന കാഴ്ചയാണിപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കര്‍ഷകന്റെ വിയര്‍പ്പ് കണ്ണീരിലേക്ക് മാറുന്ന കാഴ്ചക്ക് പിന്നില്‍, ഒരായുസ്സിന്റെ അധ്വാനവും കരിഞ്ഞുണങ്ങുന്നു.
വിലയിടിവിന് പിന്നാലെയാണ് കടുത്ത വരള്‍ച്ച കാര്‍ഷിക മേഖലക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചത്. ജില്ലയിലെ ഭൂരിഭാഗം മേഖലയിലെയും ഏലം അടക്കമുള്ള കാര്‍ഷികവിളകളെ വേനല്‍ ചൂട് നാമാവശേഷമാക്കുകയാണ്. ഇതോടെ കര്‍ഷകരും വലിയ പ്രതിസന്ധിയിലേക്ക് അകപ്പെടുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ധനസഹായം ലഭിക്കണമെങ്കില്‍ ചെറുകിട കര്‍ഷകന്‍ എന്ന സര്‍ട്ടിഫിക്കറ്റ് കൃഷി ഓഫീസില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവിടെയും കര്‍ഷകനെ കാത്തിരിക്കുന്നത് നിരാശയുടെ പേപ്പര്‍ താളുകള്‍ മാത്രമാണ്. ഏലത്തിനൊപ്പം കുരുമുളക്, തെയില, തുടങ്ങിയ വിളകളും കരിഞ്ഞുണങ്ങുന്നു.തുടര്‍ച്ചയായി വെള്ളം നനയ്ക്കുന്നുണ്ടെങ്കിലും കനത്തവെയില്‍ വിളകളില്‍ പാടെ നാശം വിതക്കുകയാണ്.വിളകള്‍ക്ക് മുകളില്‍ നെറ്റ് അടക്കം വലിച്ചു കെട്ടിയാലും മണ്ണിനെ ബാധിക്കുന്ന കടുത്ത താപനില പരിഹാര മാര്‍ഗങ്ങളെ തച്ചുടക്കുകയാണ്. ഇതോടെ കാര്‍ഷിക മേഖല കടുത്ത അറുതിയിലേക്കാണ് നീങ്ങുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കറുത്ത പൊന്നിന്റെ നാട് കരിഞ്ഞ കൃഷിയിടങ്ങളുടെ നാടയി മാറും.
What's Your Reaction?






