പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം 28 മുതല്‍
പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം 28 മുതല്‍

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 28 മുതല്‍ ഓഗസ്റ്റ് 1 വരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും. കരാറുകാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, മണല്‍വാരല്‍ ഉടന്‍ ആരംഭിക്കുക, സൈറ്റ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കുക, ക്വാറി മാഫിയകളെ നിയന്ത്രിക്കുക, കെ. സ്മാര്‍ട്ടിലെ അപാകത പരിഹരിക്കുക, നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എംഎല്‍എമാരായ കെ യു ജനീഷ്‌കുമാര്‍, വി കെ പ്രശാന്ത്, കെ ടി ജലീല്‍, വി ജോയി, മുന്‍ എംഎല്‍എ എം വി ജയരാജന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ സമരം ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധികളെ നേരിടുന്നു. ലാഭകരമല്ലാത്ത വ്യവസായമായി മാറുന്നതിനാല്‍ നിര്‍മാണ മേഖലയില്‍ പണം മുടക്കാന്‍ ആരും തയാറാകുന്നില്ല. പുതിയ കെട്ടിടങ്ങള്‍, ഫ്‌ളാറ്റുകള്‍, വീടുകള്‍ എന്നിവയുടെ നിര്‍മാണവും കുറഞ്ഞു. നിലവില്‍ നാമമാത്ര നിര്‍മാണങ്ങള്‍ മാത്രമാണുള്ളത്. പ്രവാസികളും ബിസിനസുകാരും കര്‍ഷകരും പണം നിക്ഷേപിക്കാന്‍ തയാറല്ല. വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണം. നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതി മുഴുവനായും മാഫിയകളുടെ കൈയിലാണ്. ഇവരുടെ ഇഷ്ടപ്രകാരമാണ് വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്തുടനീളം ഏകീകരിച്ച വില ഏര്‍പ്പെടുത്തണം. വിലക്കയറ്റം തടയാന്‍ വില നിയന്ത്രണാധികാര സമിതി രൂപീകരിക്കണം. പ്രകൃതി ചൂഷണം ഒഴിവാക്കാന്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണം. ഇതിനു പരിഹാരമായി മണല്‍വാരല്‍ പുനരാരംഭിക്കണം. സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് സംവിധാനത്തെ സംഘടന സ്വാഗതം ചെയ്യുന്നു. കൈക്കൂലി ഒഴിവാക്കാനും ബില്‍ഡിങ് പെര്‍മിറ്റ് നല്‍കുന്നത് സുതാര്യമാക്കാനും ഇതിലൂടെ സാധിക്കും. നിലവിലുള്ള തകരാറുകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ കെ സ്മാര്‍ട്ട് നടപ്പാക്കണം. അപേക്ഷിക്കുന്ന ഉടന്‍ പെര്‍മിറ്റ് ലഭിക്കാനാവശ്യമായ രീതിയില്‍ സോഫ്റ്റ്‌വെയര്‍ മാറ്റണം. സൈറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണം. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യം കുടിശികയില്ലാതെ വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ലിറ്റീഷ് കെ മാത്യു, വൈസ് പ്രസിഡന്റ് എം കെ രാജേഷ്, പി എന്‍ റെജി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






