പരിഹാരമാകാതെ ഉപ്പുതറ ടൗണിലെ ഗതാഗത കുരുക്ക്
പരിഹാരമാകാതെ ഉപ്പുതറ ടൗണിലെ ഗതാഗത കുരുക്ക്

ഇടുക്കി: ഉപ്പുതറ ടൗണില്‍ നിരന്തരമായി ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാത്തത് വാഹനയാത്രക്കാര്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നടപ്പാത ഇല്ലാത്തതും , ഓട മൂടിയ സ്ലാബുകള്‍ മിക്കതും തകര്‍ന്നു കിടക്കുന്നതുമാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സമയങ്ങളില്‍ കാല്‍നട യാത്രക്കാരെ കുടുക്കുന്നത്. ഒരേ സമയം വലിയ രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ചു കടന്നു പോകാനുളള വീതിയേ റോഡിനുള്ളു. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മറ്റു സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഏതെങ്കിലും ഒരു ചെറിയ വാഹനം വഴിവക്കില്‍ പാര്‍ക്കു ചെയ്താല്‍ പോലും ഗതാഗത തടസം ഉണ്ടാകും.
മൂടി തകര്‍ന്ന ഓടയില്‍ ചെറു വാഹനങ്ങളും , കാല്‍ നടയാത്രക്കാരും വീണുണ്ടാകുന്ന അപകടങ്ങളും പതിവാണ്. വീതി കൂട്ടിയുള്ള റോഡു നവീകരണം മാത്രമാണ് ഗതാഗത കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം. റോഡു വീതി കൂട്ടുന്നതിനൊപ്പം ഇരു വശങ്ങളിലും ഐറിഷ് ഓടയും , ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും, റോഡരികിലെ വൈദ്യൂതി തൂണുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ കഴിയും. ഈസ്റ്ററിനോട് അനുബന്ധിച്ച് വലിയ ഗതാഗതകുരുക്കാണ് ടൗണില്‍ ഉണ്ടായത്. തേക്കടി-കൊച്ചി സംസ്ഥാന പാത കടന്നുപോകുന്ന ഉപ്പുതറ ടൗണിലെ നടപ്പാത അടക്കം നിര്‍മിക്കുവാന്‍ പൊതുമരാമത്തു വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിനു നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇത്തരത്തില്‍ അധികാരികളുടെ അനാസ്ഥയില്‍ വികസനമൊരടിപ്പില്‍ ഒതുങ്ങുകയാണ് ഉപ്പുതറ.
What's Your Reaction?






