ഐടിഐകളില്‍ ശനിയാഴ്ച അവധിയില്ല: പ്രതിഷേധിച്ച് കെഎസ് യു
ഐടിഐകളില്‍ ശനിയാഴ്ച അവധിയില്ല: പ്രതിഷേധിച്ച് കെഎസ് യു

ഇടുക്കി: ഗവ. ഐടിഐ കോളേജുകളില്‍ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച അവധി നല്‍കാത്തതില്‍ കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ശനിയാഴ്ച ഈസ്റ്റര്‍ സംബന്ധിച്ച പ്രാര്‍ഥനകള്‍ ഉണ്ട്. മുന്‍വര്‍ഷങ്ങളില്‍ ശനിയാഴ്ചയും അവധി നല്‍കാറുള്ളതാണ്. ഇത്തവണ അവധി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെഎസ് യു ആരോപിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ റോബിന്‍ ജോര്‍ജിന്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സിലബസ് പ്രകാരം ശനിയാഴ്ചകളില്‍ അവധി നല്‍കാമെന്നിരിക്കെ ഇത്തവണ നിഷേധിക്കപ്പെട്ടതില്‍ വിദ്യാര്‍ഥികള്‍ അമര്‍ഷത്തിലാണ്. സിലബസ് വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ വി.എച്ച്.എസ്.ഇയിലെയും ഐ.ടി.ഐകളിലെയും വിദ്യാര്‍ഥികള്‍ ശനിയാഴ്ച അവധിക്കായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. വി.എച്ച്.എസ്.ഇക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും വകുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതോടെ ഐ.ടി.ഐകളില്‍ അവധി നിഷേധിക്കപ്പെട്ടു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അവധി നല്‍കാത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം ഡയറക്ടറേറ്റാണ് അവധി പ്രഖ്യാപിക്കേണ്ടതെന്ന് ഐടിഐ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വിദ്യാര്‍ഥികള്‍ കുറവായതിനാല്‍ പിന്നീട് അവധി നല്‍കിയെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?






