കന്യാസ്ത്രീകളുടെ അറസ്റ്റ് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം: സി വി വര്‍ഗീസ്
കന്യാസ്ത്രീകളുടെ അറസ്റ്റ് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം: സി വി വര്‍ഗീസ്
ഇടുക്കി: ചത്തീഡ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട രാജ്യത്തുടനീളം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി കട്ടപ്പനയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ന്യൂനപക്ഷ വേട്ട നടക്കുകയാണ്. ചത്തീഡ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ആള്‍ക്കൂട്ട വിചാരണ നടത്തിയ വര്‍ഗീയവാദികള്‍ക്ക് ഒത്താശ നല്‍കുന്ന സമീപനാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരെ പ്രതികരിക്കാന്‍ അവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. മുമ്പ് അവിടെ കോണ്‍ഗ്രസ് ഭരിച്ച കാലയളവിലും സമാനമായ സ്ഥിതിയായിരുന്നു. കന്യാസ്ത്രീകളെ സംരക്ഷിക്കണമെന്നും പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ റബ്ബറിന് വില വര്‍ധിപ്പിച്ചുനല്‍കിയാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന് ചില മതമേലധ്യക്ഷന്‍മാര്‍ നിലപാട് സ്വീകരിച്ചിരുന്നു. അന്നുതന്നെ ഇടതുപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷ, വര്‍ഗീയ ശക്തികളും യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എന്നാല്‍, വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന ഉറച്ച നിലപാടാണ് സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്. ന്യുനപക്ഷങ്ങള്‍ക്കിടയിലേക്ക് ക്രിസ്മസ് കേക്കുമായി കടന്നുവരുന്ന ബിജെപിക്കും ആര്‍എസ്എസിനും ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നും സി വി വര്‍ഗീസ് പറഞ്ഞു.
യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ഏരിയ കമ്മിറ്റിയംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ അണിനിരന്നു.
What's Your Reaction?

