ശൗചാലയ നിര്‍മാണം വൈകുന്നു: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലം തിരിച്ചെടുക്കാന്‍ കോണിമാറ എസ്റ്റേറ്റ്
ശൗചാലയ നിര്‍മാണം വൈകുന്നു: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലം തിരിച്ചെടുക്കാന്‍ കോണിമാറ എസ്റ്റേറ്റ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പൊതുശൗചാലയത്തിന് വിട്ടു നല്‍കിയ സ്ഥലം തിരിച്ചുപിടിക്കുമെന്ന് കോണിമറ എസ്റ്റേറ്റ് അധികൃതര്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം ആരംഭിക്കാത്തതും സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ മണ്ണിടിഞ്ഞ് കൂടുതല്‍ സ്ഥലം നഷ്ടമാകുന്നതുകൊണ്ടുമാണ് നടപടിയെന്ന് മാനേജര്‍ ജോസഫ് ഫെന്‍ പറഞ്ഞു. 2019ലാണ് വണ്ടിപ്പെരിയാര്‍ ടൗണില്‍ 15 മീറ്റര്‍ വീതിയിലും 15 മീറ്റര്‍ നീളത്തിലും എസ്റ്റേറ്റുവക സ്ഥലം ശൗചാലയത്തിന് വിട്ടുനല്‍കിയത്. ഇവിടെനിന്ന് മണ്ണിടിഞ്ഞ് റോഡിലേക്ക് പോകാതിരിക്കാന്‍ സംരക്ഷണഭിത്തി കെട്ടിനല്‍കുമെന്ന് കരാറുണ്ടായിരുന്നു. സ്ഥലം വിട്ടുനല്‍കി ആറുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിച്ചില്ല. കൂടാതെ പ്രദേശത്തെ കല്ലുകള്‍ പൊട്ടിച്ചുകൊണ്ടുപോയതോടെ മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ അനുവദിച്ച തുക വകമാറ്റിയിരുന്നു. പിന്നീട് വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ഇടപെടലില്‍ 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഫലമില്ല. ശൗചാലയ നിര്‍മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ സ്ഥലം വീണ്ടെടുക്കുമെന്നും തോട്ടം അധികൃതര്‍ അറിയിച്ചു.
What's Your Reaction?






