രാജ്യസ്നേഹത്തിന്റെ പ്രതീകമാണ് ഖാദി ഉല്‍പ്പന്നങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

രാജ്യസ്നേഹത്തിന്റെ പ്രതീകമാണ് ഖാദി ഉല്‍പ്പന്നങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

Aug 3, 2025 - 15:19
 0
രാജ്യസ്നേഹത്തിന്റെ പ്രതീകമാണ് ഖാദി ഉല്‍പ്പന്നങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: രാജ്യസ്നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉല്‍പ്പന്നങ്ങളെ നിലനിര്‍ത്താന്‍ സാധിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനപ്പെട്ട ഉല്‍പ്പന്നമാണ് ഖാദി. മഹാത്മാഗാന്ധിയുടെ ഓര്‍മകളും സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യാനന്തര ഭാരതവും തുടങ്ങി ഒരുകാലഘട്ടത്തിന്റെ സ്മരണകള്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത മേഖലയായി ഖാദിയെ നമ്മള്‍ കാണുന്നു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ദീപക് അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ് ആദ്യവില്‍പ്പനയും നഗരസഭാ കൗണ്‍സിലര്‍ പി.ജി. രാജശേഖരന്‍ സമ്മാനകൂപ്പണ്‍ വിതരണവും നിര്‍വഹിച്ചു. യോഗത്തില്‍ ഖാദി ബോര്‍ഡ് അംഗം കെ.എസ്. രമേഷ് ബാബു,പ്രോജക്ട് ഓഫീസര്‍ ഷീനാമോള്‍ ജേക്കബ്, ഖാദി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവീന ഫാഷനിലുള്ള ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വിവിധയിനം സാരികള്‍, കോട്ടണ്‍ ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, ജൂബ്ബകള്‍, ദോത്തികള്‍, ഷര്‍ട്ട് തുണികള്‍, വെള്ളമുണ്ടുകള്‍ എന്നിവയും തനത് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ നിന്ന് ലഭിക്കും. കൂടാതെ ഖാദി ഓണം മേളയില്‍ ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ലഭിക്കുന്ന സമ്മാന കൂപ്പണ്‍ വഴി ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി 14 ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ്  വൗച്ചറുകളും ലഭിക്കും. ആഴച തോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും 25 ലക്ഷം രൂപയുടെ ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/സഹകരണ സ്ഥാപനങ്ങള്‍/ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം മേളയില്‍ ലഭ്യമാണ്. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ, തൊടുപുഴ മാതാ ആര്‍ക്കേഡ് ഖാദി ഗ്രാമസൗഭാഗ്യ, കട്ടപ്പന ഖാദി ഗ്രാമസൗഭാഗ്യ എന്നീവിടങ്ങളിലാണ് മേള നടക്കുന്നത്. സെപ്റ്റംബര്‍ 4ന് മേള അവസാനിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow