ദേവികുളം സ്‌കൂളിന് സമീപം ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ ദേവികുളം സബ് കലക്ടര്‍ നിര്‍ദേശം നല്‍കി
ദേവികുളം സ്‌കൂളിന് സമീപം ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ ദേവികുളം സബ് കലക്ടര്‍ നിര്‍ദേശം നല്‍കി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം ഗവ. എല്‍പി സ്‌കൂളിന് സമീപം റോഡിലേയ്ക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ദേവികുളം സബ്കലക്ടര്‍ വി എം ജയകൃഷ്ണന്‍. മുമ്പ് ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തിരുന്നെന്നും ശേഷിക്കുന്ന മണ്ണ് വീണ്ടും നിരങ്ങി റോഡിന് മധ്യഭാഗത്തോളം എത്തുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മണ്ണ് കിടക്കുന്നത് ഗതാഗതത്തിന് തടസമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ മണ്ണ് റോഡില്‍ ഇടിഞ്ഞ് കിടക്കുന്നത് പ്രദേശത്ത് അപകട സാധ്യത ഉയര്‍ത്തുന്നുവെന്ന ആശങ്ക റോഡിന് താഴ്ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങള്‍ മുമ്പോട്ട് വച്ചിരുന്നു. ഈ മണ്ണ് പൂര്‍ണമായി നീക്കി റോഡരികില്‍ സുരക്ഷാഭിത്തി തീര്‍ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ റോഡരികില്‍ ഇടിഞ്ഞ് കിടക്കുന്ന മണ്ണ് കൂടുതലായി നിരങ്ങി റോഡിന്റെ മധ്യഭാഗം വരെയെത്തി. ഈ സാഹചര്യത്തിലാണ് റോഡിലേക്ക് നിരങ്ങിയെത്തിയിട്ടുള്ള മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. മണ്ണ് നീക്കുന്നതും സുരക്ഷാഭിത്തി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് മുമ്പ് പരിശോധന നടത്തുകയും നീക്കേണ്ടുന്ന മണ്ണ് സംബന്ധിച്ച് കണക്കെടുക്കുകയും ചെയ്തിരുന്നു. അന്ന് കുറച്ച് മണ്ണ് നീക്കുകയും ചെയ്തു. എന്നാല്‍ മഴക്കാലമാരംഭിച്ചതോടെ കാര്യങ്ങള്‍ പഴയപടിയായി. സംരക്ഷണ ഭിത്തി നിര്‍മാണം നടക്കാത്തതിനാല്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പ്രദേശത്തിനിയും മണ്ണിടിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന് രൂപം നല്‍കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
What's Your Reaction?






