ശാന്തന്‍പാറയില്‍ സിഎച്ച്ആറിലെ മരംമുറിക്കല്‍: ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തു
ശാന്തന്‍പാറയില്‍ സിഎച്ച്ആറിലെ മരംമുറിക്കല്‍: ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തു

ഇടുക്കി: ഏലമലക്കാടുകളില്‍നിന്ന് വ്യാപകമായി മരംമുറിച്ചുകടത്തിയ സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തു. ശാന്തന്‍പാറ പേത്തൊട്ടിയില്‍നിന്നാണ് വന്‍തോതില്‍ മരം മുറിച്ചുകടത്തിയത്. സംസ്ഥാന വനംവകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു. വനംവകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന മരംമുറി വനസംരക്ഷണ നിയമത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും എതിരാണെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. കേസിന്റെ തുടര്‍നടപടി ട്രിബ്യൂണലിന്റെ സൗത്ത് സോണ്‍ ബെഞ്ചില്‍ നടക്കുമെന്നും ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് വ്യക്തമാക്കി.
സിഎച്ച്ആറില്‍ ഉള്‍പ്പെട്ട 40 ഏക്കര്‍ ഭൂമിയില്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിക്കുന്നുവെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തത്. സ്ഥലത്തിന്റെ ഉടമ, അടിമാലി സ്വദേശിക്ക് ഏലം ചെയ്യാന്‍ പാട്ടവ്യവസ്ഥയ്ക്ക് നല്‍കിയിരുന്നു. പാട്ടത്തിനെടുത്തയാളാണ് മരങ്ങള്‍ മുറിച്ചുമാറ്റി നിര്‍മാണം നടത്തിയത്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിലെ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗങ്ങളായ ഡോ. എ. സെന്തില്‍ വേല്‍, ഡോ. അഫ്രോസ് അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസെടുത്തത്. സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി കലക്ടര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.
ട്രിബ്യൂണലിന്റെ സൗത്ത് സോണ്‍ ബെഞ്ചിനുമുമ്പാകെ നോട്ടീസിനുളള മറുപടി ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 24ന് കേസ് സൗത്ത് സോണ്‍ ബെഞ്ച് പരിഗണിക്കും. ഇതിനുമുമ്പ് നോട്ടീസിനുള്ള മറുപടി ഫയല്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
What's Your Reaction?






