അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് ഭീഷണിയായി കാറ്റാടി മരങ്ങള്‍
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് ഭീഷണിയായി കാറ്റാടി മരങ്ങള്‍
ഇടുക്കി: അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് ഭീഷണി സൃഷ്ടിച്ച് അഞ്ചോളം കാറ്റാടി മരങ്ങള്‍. ശക്തമായ കാറ്റടിച്ചാല്‍ ഏതു നിമിഷവും തൂക്കുപാലത്തിന് മുകളിലേക്ക് വീഴാവുന്ന രീതിയിലാണ് മരങ്ങള്‍ സ്ഥിതിചെയ്യുന്നത്. കാഞ്ചിയാര്‍ പഞ്ചായത്ത് ശൗചാലയത്തിന് എതിര്‍വശത്താണ് അഞ്ചോളം കാറ്റാടി മരങ്ങള്‍ വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിക്കുന്നത്. കാഞ്ചിയാര്‍ - അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം വെള്ളത്തില്‍ മുങ്ങിയതോടെ ജനങ്ങള്‍ ആശ്രയിക്കുന്നത് തുക്കുപാലത്തെയാണ്. ഈ സാഹചര്യത്തില്‍ 25 പേര്‍ക്ക് കയറാവുന്ന തൂക്കുപാലത്തില്‍ 80 ലധികം പേരാണ് ഒരേ സമയം കയറുന്നത്. കാറ്റാടി മരങ്ങള്‍ കടപുഴകി പാലത്തിനു മുകളിലേക്ക് വീണാല്‍ വന്‍ ദുരന്തമാണ് ഉണ്ടാവുന്നത്. വനം വകുപ്പിനോടും പഞ്ചായത്ത് അധികൃതരോടും മരം വെട്ടി മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാവുന്നില്ലെന്നും വൈല്‍ഡ് ലൈഫ് ഏരിയ ആയതിനാല്‍ അവരാണ് ചെയ്യേണ്ടതെന്നുമുള്ള മുടന്തന്‍ ന്യായങ്ങളാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കാറ്റാടി മരം പാലത്തിന് സമീപം കടപുഴകി വീണിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി അധികൃതര്‍ ഇടപെട്ട് കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

