കട്ടപ്പന പുതിയ സ്റ്റാന്‍ഡിലെ ബസ് അപകടത്തിന് കാരണം നഗരസഭയുടെ അനാസ്ഥ: ബിഡിജെഎസ്
കട്ടപ്പന പുതിയ സ്റ്റാന്‍ഡിലെ ബസ് അപകടത്തിന് കാരണം നഗരസഭയുടെ അനാസ്ഥ: ബിഡിജെഎസ്

ഇടുക്കി: കട്ടപ്പന പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് യാത്രക്കാരുടെ ഇരിപ്പിടത്തിലേയ്ക്ക് ഇടിച്ചു കയറി മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം കട്ടപ്പന നഗരസഭയുടെ നിരുത്തരവാദപരമായ നിലപാടിന്റെ ഘടകമാണെന്ന് ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ കുറ്റപ്പെടുത്തി. സമാനമായ അപകടങ്ങള്‍ പലതവണ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഭവിച്ചിട്ടും നഗരസഭാ അധികാരികള്‍ യാതൊരുവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നെടുങ്കണ്ടം ഭാഗത്തെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് യാത്രക്കാരുടെ ഇരുപ്പിടത്തിലേയ്ക്ക് സ്വകാര്യ ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നിന്നും യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതിനെതുടര്‍ന്ന് സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ട്രാക്കുകളില്‍ ബസിന്റെ മുന്‍ചക്രം തടഞ്ഞ് നിര്‍ത്തുന്ന തരത്തിലുള്ള മീഡിയന്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി ബസ് ജീവനക്കാര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ഡിസംബര്‍ ആറിന് കട്ടപ്പന നഗരസഭക്ക് നല്‍കിയെങ്കിലും അനങ്ങാപ്പാറ നയമാണ് നഗരസഭ തുടരുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം സ്റ്റാന്‍ഡുകളിലും മീഡിയന്‍ സ്ഥാപിച്ചാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. കൃത്യമായ ഇടവേളകളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭരണനേതൃത്വത്തില്‍ മാറ്റം വരുത്തുന്നതല്ലാതെ ജനോപകാരപ്രഥമായ ഒരു നടപടികളും കട്ടപ്പന നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ വന്നു പോകുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സുഖമമായി തൊഴില്‍ ചെയ്യുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.
What's Your Reaction?






