കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോടുള്ള അവഗണന നഗരസഭ അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോടുള്ള അവഗണന നഗരസഭ അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. അശാസ്ത്രീയമായ കോംപ്ലക്‌സിന്റെ നിര്‍മാണത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടപ്പെട്ട് ബസ് അപകടത്തില്‍പ്പെട്ടത്. ഇത് യാത്രക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. 3 മാസം മുമ്പും സമാന രീതിയില്‍ ബസ് വരാന്തയിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് നഗരസഭയില്‍ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബസ് സ്റ്റാന്‍ഡിനുള്ളിലെ വലിയ ഗര്‍ത്തവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭ പരാജയമാണെന്നും കോംപ്ലക്‌സിലെ ചോര്‍ച്ച യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും നേതാക്കള്‍ല പറഞ്ഞു. കൂടാതെ സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ അപകടങ്ങളില്‍പ്പെടുന്നതും പതിവാണ്. ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ തന്നെ കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യുന്നതും അധികാരികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കട്ടപ്പനയില്‍ നിലവിലുള്ള പഴയ ബസ്റ്റാന്‍ഡ് ബസ് പാര്‍ക്കിങ്ങിനായി വിട്ടുനല്‍കണമെന്നുമാണ് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ആവശ്യപ്പെടുന്നത്. ഇവിടുത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമര പരിപാടികളിലേക്ക് നീങ്ങുമെന്ന്
വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, ഭാരവാഹികളായ ഷിനോജ് ജി.എസ്., ആല്‍വിന്‍ തോമസ്, എം.ആര്‍. അയ്യപ്പന്‍കുട്ടി, പി.ബി.സുരേഷ്, എന്നിവര്‍ പറഞ്ഞു.
What's Your Reaction?






