കൈത്തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാതെ നഗരസഭ
കൈത്തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാതെ നഗരസഭ

ഇടുക്കി: കട്ടപ്പന സബ് ട്രഷറിയുടെ മുന്‍ഭാഗത്തെ കൈത്തോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് പരാതി. മഴ പെയ്യുന്നതോടെ മണ്‍തിട്ട ഇടിയുന്നുവെന്നാണ് സമീപത്തെ വ്യാപാരികളും പ്രദേശവാസികളും പറയുന്നത്. ട്രഷറിയിലേക്കും മൃഗാശുപത്രിയിലേക്കും എത്തുന്നവരുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പലപ്പോഴും റോഡിന്റെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകളാണ് റോഡിന്റെ വശത്തുകൂടി കാല്‍നടയായി സഞ്ചരിക്കുന്നതും. മഴ ശക്തമാകുന്നതോടെ കൈത്തോട്ടില്‍ നീരൊഴുക്ക് വര്‍ധിക്കുകയും സംരക്ഷണഭിത്തി ഇടിയുകയും ചെയ്യും.
നിലവിലെ അപകടാവസ്ഥ പരിഹരിക്കാനോ അപകട മുന്നറിയിപ്പ് നല്‍കാനോ യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനൊപ്പം അടിയന്തരമായി തോടിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






