തോട്ടം തൊഴിലാളികളോടുള്ള അവഗണന: 24ന് പീരുമേട്ടില്‍ സമര പ്രചാരണ വാഹനജാഥയും 26ന് വണ്ടിപ്പെരിയാറില്‍ ധര്‍ണയും
തോട്ടം തൊഴിലാളികളോടുള്ള അവഗണന: 24ന് പീരുമേട്ടില്‍ സമര പ്രചാരണ വാഹനജാഥയും 26ന് വണ്ടിപ്പെരിയാറില്‍ ധര്‍ണയും

ഇടുക്കി: തോട്ടം തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയനും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയനും(ഐഎന്‍ടിയുസി) ചേര്‍ന്ന് 24ന് പീരുമേട് താലുക്കില്‍ സമര പ്രചാരണ വാഹനജാഥയും 26ന് രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ വണ്ടിപ്പെരിയാറില്‍ ധര്‍ണയും നടത്തും. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി നേതാക്കള്‍ സംസാരിക്കും. പീരുമേട് പോബ്സ് എസ്‌റ്റേറ്റിലെ 3000 ത്തിലേറെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് 6 മാസങ്ങള്‍ പിന്നിട്ടു. ആഴ്ചയില്‍ നല്‍കിവരുന്ന ചെലവ് കാശുപോലും നല്‍കാറില്ല. ദിവസക്കൂലിക്കാര്‍ക്ക് 30 ആഴ്ചയായി ശമ്പളം ലഭിക്കുന്നില്ല. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തുക, പ്ലാന്റേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് തയാറാകുക എന്നീ വിഷയങ്ങള്‍ ചൂണ്ടികാട്ടി യൂണിയനുകള്‍ തൊഴില്‍ വകുപ്പിനും മന്ത്രിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. തൊഴില്‍ വകുപ്പ് മന്ത്രി ഇരുകൂട്ടരേയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും എസ്റ്റേറ്റ് മാനേജ്മെന്റ് പറഞ്ഞത് കേട്ടതല്ലാതെ ഒരു നിര്‍ദ്ദേശവും മന്ത്രി പറയാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. പ്ലാന്റേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഐഎന്‍ടിയുസിയും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ ഐഎന്‍ടിയുസിയും ചേര്‍ന്ന് സമരം നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, അഡ്വ. സിറിയക് തോമസ്, പി ആര്‍ അയ്യപ്പന്‍, ഷാജി പൈനാടത്ത്, പി കെ രാജന്‍, എം ശേഖര്‍, കെ സി ബിജു, വി ആര്‍ സോമന്‍, പി ജ്ഞാനരാജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






