പാലിയേറ്റീവ് പരിചരണം വൈകി: കഞ്ഞിക്കുഴി സിഎച്ച്‌സി വളപ്പില്‍ വയോധിക ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍
പാലിയേറ്റീവ് പരിചരണം വൈകി: കഞ്ഞിക്കുഴി സിഎച്ച്‌സി വളപ്പില്‍ വയോധിക ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍
ഇടുക്കി: പാലിയേറ്റീവ് പരിചരണം ആവശ്യമായ വയോധികയ്ക്ക് കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ ചികിത്സ വൈകിപ്പിച്ചതായി പരാതി. കഞ്ഞിക്കുഴി ആല്‍പ്പാറ കൊരട്ടിപ്പറമ്പില്‍ ഏലിക്കുട്ടി സെബാസ്റ്റ്യന്‍(81) ആണ് മണിക്കൂറുകള്‍ ആശുപത്രി വരാന്തയില്‍ ആംബുലന്‍സില്‍ കഴിയേണ്ടിവന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ ഇടപെട്ടിട്ടും രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ തയാറായില്ലെന്നാണ് ആക്ഷേപം.
കാലിന് പരിക്കേറ്റ ഏലിക്കുട്ടി സെബാസ്റ്റ്യനെ നേരത്തെ ഇടുക്കി, കോട്ടയം, കളമശ്ശേരി മെഡിക്കല്‍ കോളേജുകളില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍, വീടിനു സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പാലിയേറ്റീവ് പരിചരണം നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് വൃദ്ധയെ ബന്ധുക്കള്‍ കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ എത്തിച്ചപ്പോള്‍ മെഡിക്കല്‍ ഓഫീസറോ ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി വര്‍ക്കി മെഡിക്കല്‍ ഓഫീസറുമായി സംസാരിച്ചു. സ്ഥലത്തില്ലെന്നും തിങ്കളാഴ്ച തിരിച്ചെത്തുമ്പോള്‍ മാത്രമേ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാകൂ എന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് രോഗിയെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിഎച്ച്‌സി ആയിരുന്നിട്ടും ഡോക്ടറുടെ സേവനമില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. കിടത്തി ചികിത്സ ആരംഭിച്ചതായും 24 മണിക്കൂര്‍ സേവനം ലഭിക്കുമെന്നും കഴിഞ്ഞദിവസം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ ഓഫീസര്‍ പലസമയങ്ങളിലും ഉണ്ടാകാറില്ല. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ക്ക് പോലും സേവനം നല്‍കുന്നില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണിതെന്നും ആക്ഷേപമുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ചികിത്സതേടി എത്തുന്ന ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ വീഴ്ച സംബന്ധിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?